വയനാട്ടില്‍ ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെയും സംഘത്തെയും പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചു
വയനാട്ടില്‍ ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെയും സംഘത്തെയും പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചു. പരിക്കേറ്റവയനാട് ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായ എസ്. പണിക്കരെയും കൗണ്‍സിലര്‍ നാജിയ ഷെറിനെയും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ തൃക്കൈപ്പറ്റ നെല്ലിമാളത്ത് ബുധനാഴ്ച ഉച്ചക്കായിരുന്നു സംഭവം. വനിതാ ശിശു വികസന വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഗാർഹിക പീഢനത്തിരയായ യുവതിയെ അന്വേഷിച്ച് എത്തിയതായിരുന്നു ഉദ്യോഗസ്ഥർ.ജോസ് എന്ന വ്യക്തിക്കെതിരെയായിരുന്നു പരാതി.
ഉദ്യോഗസ്ഥരെത്തിയത് ചോദ്യം ചെയ്ത് ഇയാൾ കയർക്കുന്നതിനിടെ പട്ടി ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. അക്രമണമുണ്ടായിട്ടും ജോസ് പട്ടിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചില്ല. മായ എസ്. പണിക്കരുടെ കാലിനും കൈക്കും കടിയേറ്റു. കൂടെയുണ്ടായിരുന്ന കൗൺസിലർ നാജിയ ഷെറിൻ്റെ ദേഹത്തേക്ക് പട്ടി പാഞ്ഞു കയറി. രക്ഷപ്പെട്ട് ഓടുന്നതിനിടെ കാലിനും കൈക്കും പരിക്കേറ്റു.
നാട്ടുകാർ ഓടിക്കൂടി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഉദ്യോഗസ്ഥരെയും കൊണ്ടുപോയ ഡ്രൈവർ താജുദ്ദീൻ ഔദ്യോഗിക വാഹനത്തിൽ ഇരുവരെയും കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.