കൊച്ചി വിമാനത്താവളത്തിൽ ലഗേജ് കാത്തുനിന്ന യാത്രക്കാർക്ക് 'സർപ്രൈസ് പെർഫോമൻസ്' ഒരുക്കി ഡ്രംസ് മാന്ത്രികൻ ശിവമണി.
ബുധനാഴ്ച വിമാനത്താവളത്തിലെത്തിയ യാത്രക്കാർ ലഗേജ് വരുന്നതിനായി 40 മിനിറ്റോളമാണ് കാത്തിരുന്നത്. അതിനിടെയാണ് കൂട്ടത്തിൽ നിന്നും ഒരു യാത്രക്കാരന്റെ അപ്രതീക്ഷിത പെർഫോമൻസ്. 1995ൽ പുറത്തിറങ്ങിയ ബോംബെ എന്ന ചിത്രത്തിൽ എആർ റെഹ്മാൻ സംഗീതം ചെയ്‌ത 'ഹമ്മാ ഹമ്മാ' എന്ന ഗാനം കൺവെയർ ബെൽറ്റിന്റെ റെയിലിങ്ങുകളിൽ ഡ്രം സ്റ്റിക്ക് കൊണ്ട് കൊട്ടിയായിരുന്നു പ്രകടനം.
'കൊച്ചി വിമാനത്താവളത്തിൽ എത്തിയിട്ട് നാൽപതു മിനിറ്റ് പിന്നിടുന്നു. ലഗേജിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. എന്നാൽ പ്രതിഷേധിക്കേണ്ടതിന് പകരം ഒരു സഹയാത്രികൻ ഞങ്ങളെ ആനന്ദിപ്പിക്കുകയാണ്'- എന്ന കുറിപ്പോടെ യാത്രക്കാരിൽ ഒരാൾ എക്‌സിൽ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 'അത് വെറുമൊരു യാത്രക്കാരനല്ലെന്നും ഇതിഹാസ താളവാദ്യ വിദഗ്ധൻ ശിവമണിയാണെന്നും കമന്റിൽ ഒരാൾ തിരുത്തികൊടുക്കുന്നുണ്ട്.
17 സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം തന്നെ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. എന്തിലും സംഗീത വിസ്മയം തീർക്കുന്ന ശിവമണി ഇത് ആദ്യമായല്ല വിമാനത്താവളത്തിൽ സർപ്രൈസ് ഒരുക്കുന്നത്. മുൻപ് ഇത്തരത്തിൽ ലഗേജ് വരാൻ വൈകിയപ്പോൾ വിമാനത്താവളത്തിൽ അദ്ദേഹം അവിസ്മരണീയം തീർത്ത ഒരു അനുഭവം ഒരാൾ വിഡിയോയ്‌ക്ക് താഴെ കുറിച്ചു. 'പണം കൊടുക്കാതെ അദ്ദേഹത്തിന്റെ ലൈവ് പെർഫോമൻസ് കാണാൻ കഴിഞ്ഞ നിങ്ങൾ ഭാഗ്യവാന്മാരാണെന്നായിരുന്നു ഒരാളുടെ അഭിപ്രായം. അതേസമയം 'ലഗേജ് വരാൻ 12 മണിക്കൂർ വൈകിയാലും അദ്ദേഹം പരാതിപ്പെടില്ല, അതാണ് ശിവമണി സർ'- എന്ന് മറ്റൊരാൾ കുറിച്ചു. 'ലഗേജ് വരാൻ വൈകിയത് ഒരു അനുഗ്രഹമാകുന്നത് ഇത്തരം സന്ദർഭങ്ങളിലാണെന്നായിരുന്നു അടുത്തയാളുടെ കമന്റ്.
ശിവമണി സർപ്രൈസ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക