കൊച്ചി:തൃപ്പൂണിത്തുറയിൽ പടക്കശാലയിൽ നടന്ന സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. തീവ്ര പരിചരണത്തിൽ പൊള്ളൽ ഐ സിയു വിൽ ചികിത്സയിലായിരുന്ന ദിവാകരനാണ് മരിച്ചത്. 55 വയസായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ ദിവാകരൻ വൈകീട്ട് ഏഴുമണിയോടെയാണ് മരിച്ചത്. നേരത്തെ പടക്കശാലയിലേക്ക് ഓട്ടത്തിന് എത്തിയിരുന്ന ടെമ്പോ ട്രാവലർ ഡൈവർ വിഷ്ണുവും അപകടത്തിൽ മരിച്ചിരുന്നു. തിരുവനന്തപുരം ഉള്ളൂർ പോങ്ങുംമൂട് സ്വദേശിയാണ് മരിച്ച വിഷ്ണു. മൊത്തം 16 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. പരുക്കേറ്റ 4 പേർ കളമശേരിയിലെ എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടെന്ന് മെഡിക്കൽ ബോർഡ് മെഡിക്കൽ ബുള്ളറ്റിൻ. ഇവരെ പൊള്ളൽ ഐ.സി.യു വിലാണ് പ്രവേശിപ്പിരിക്കുന്നത്.
കൊല്ലം പാരിപ്പിള്ളി സ്വദേശി അനിൽ (49)നെ അടിയന്തര ശാസ്ത്രക്രിയക്ക് വിധേയമാക്കി. മധുസൂദനൻ (60), ആദർശ് (29), ആനന്ദൻ (69) എന്നിവർ പൊള്ളൽ ഐ. സി. യു വിൽ ചികിത്സയിലാണ്.
ഇവർക്ക് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സ ലഭ്യമാക്കിയെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.