Share this Article
ചരിത്രകാരന്‍ ദളിത് ബന്ധു എന്‍ കെ ജോസ് അന്തരിച്ചു
വെബ് ടീം
posted on 05-03-2024
1 min read
/historian-dalit-bandhu-nk-jose-passed-away

കോഴിക്കോട്: ചരിത്രകാരന്‍ ദളിത് ബന്ധു എന്‍ കെ ജോസ് അന്തരിച്ചു. 94 വയസായിരുന്നു. പുന്നപ്ര- വയലാര്‍ സമരം, വൈക്കം സത്യാഗ്രഹം, ക്ഷേത്ര പ്രവേശന വിളംമ്പരം, നിവര്‍ത്തന പ്രക്ഷോഭം, മലയാളി മെമ്മോറിയല്‍ തുടങ്ങിയ, ആധുനിക കേരള ചരിത്രത്തെ ദളിത് പക്ഷത്തുനിന്ന് പുനര്‍വായന നടത്തിയ ചരിത്രകാരനാണ് അദ്ദേഹം. കീഴാള ചരിത്ര പഠനം എന്ന ചരിത്ര ശാഖക്ക് കേരളത്തില്‍ വലിയ സംഭാവന നല്‍കിയ വ്യക്തിയാണ്.സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്. ദളിത് പ്രശ്‌നങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു അദേഹത്തിന്റെ രചനകള്‍. ദളിത് പഠനങ്ങള്‍ക്കും ദലിത്ചരിത്ര രചനകള്‍ക്കും നല്‍കിയ സംഭാവനകള്‍ മാനിച്ച്, ദലിത് നേതാവ് കല്ലറ സുകുമാരനാണ് എന്‍ കെ ജോസിന് ദളിത് ബന്ധു എന്ന പേരു നല്‍കിയത്. പിന്നീട് അത് തന്റെ തൂലികാനാമമായി ജോസ് സ്വീകരിച്ചു.

140ലധികം ചരിത്ര, സാമൂഹ്യചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കേരളഹിസ്റ്ററി കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു. .

1929 ല്‍ വൈക്കം താലൂക്കിലെ വെച്ചൂരില്‍ ഒരു കത്തോലിക്ക കുടുംബത്തില്‍ കുര്യന്‍, മറിയാമ്മ ദമ്പതികളുടെ മകനായാണ് ജനനം. ചേര്‍ത്തല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം . തേവര സേക്രഡ് ഹാര്‍ട്ട്‌സ്, സെന്റ് ആല്‍ബര്‍ട്‌സ് എറണാകുളം എന്നിവിടങ്ങളിലായി കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

1960കളിൽ കേരള കത്തോലിക്ക കോൺഗ്രസിൽ സംസ്ഥാന തലത്തിലെ പദവികൾ പലതും വഹിച്ചു. ആ സമയത്താണ് അദ്ദേഹം അംബേദ്ക്കറുടെ ജീവചരിത്രം വായിച്ചത്. താൻ അന്വേഷിക്കുന്നത് അംബേദ്ക്കറിസമാണ് എന്ന തിരിച്ചറിവ് വൈകാതെ തന്നെ അദ്ദേഹത്തിനുണ്ടായി. 1983-ൽ കത്തോലിക്കാ പ്രവർത്തനങ്ങളിൽ നിന്നു വിടവാങ്ങിയ അദ്ദേഹം, മുഴുവൻ സമയ ദളിത് ചരിത്ര ഗവേഷകനായി മാറി.

രണ്ട് പരമ്പരകളായാണ് അദ്ദേഹം തന്റെ കൃതികളെ തരംതിരിച്ചത്. നസ്രാണീ സീരീസ്, ദളിത് സിരീസ് എന്ന് ജോസ് അവയെ വിളിച്ചത്. ആധുനിക കേരള ചരിത്രം പഞ്ചലഹളകളുടെ ചരിത്രവും അവയുടെ തുടർച്ചയുമാണ് എന്നു ജോസ് വാദിച്ചു. പുലയ ലഹള, ചാന്നാർ ലഹള, മാപ്പിള ലഹള, (വയലാർ ലഹള, വൈക്കം സത്യാഗ്രഹം) എന്നിവയാണ് ജോസിന്റെ പഞ്ച ലഹളകൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories