അടിമാലി: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ യുവാവ് അറസ്റ്റിൽ. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ചതായാണ് പരാതി. ബിബിന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഇരുവരും അടുത്ത സൗഹൃദത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതിനു പിന്നാലെയാണ് അടിമാലിയിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും പകര്‍ത്തി.
തുടര്‍ന്നും ഇയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. ഇതോടെയാണ് കൈവശമുണ്ടായിരുന്ന പീഡന ദൃശ്യങ്ങള്‍ യുവതിയുടെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ഭീഷണിക്കു വഴങ്ങാതിരുന്ന യുവതി, ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. അവരുടെ കൂടി ഇടപെടലിനെ തുടര്‍ന്നാണ് യുവതി പൊലീസിനെ സമീപിച്ചത്..