വയനാട് ജീവനൊടുക്കിയ ഡി.സി.സി ട്രഷറര്‍ എന്‍.എം.വിജയന്‍റെ കത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്‌ക്കെതിരെ പരാമര്‍ശം. നിയമനത്തിനെന്ന പേരില്‍ പണംവാങ്ങിയത് എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണെന്ന് കത്തില്‍ പറയുന്നു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എന്‍.എം.വിജയന്‍ എഴുതിയ കത്ത് പുറത്ത്. സാമ്പത്തിക ബാധ്യതകള്‍, ബാധ്യത എങ്ങനെയുണ്ടായി, ആരൊക്കെയാണ് അതിനു പിന്നില്‍ എന്നിവയെല്ലാം വിശദമായി കുറിക്കുന്ന എട്ടു പേജുള്ള കത്താണ് പുറത്തു വന്നത്.
വലിയ ബാധ്യതകള്‍ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞുനോക്കിയില്ലെന്നും കത്തില്‍ പറയുന്നു.
ബത്തേരിയിലെ രണ്ട് സഹകരണബാങ്കുകളുടെ നിയമനവുമായി ബന്ധപ്പെട്ടാണ് കത്തില്‍ പരാമര്‍ശിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് പലരില്‍ നിന്നും പണം വാങ്ങിയിരുന്നു. എന്നാല്‍ നിയമനം നല്‍കാനായില്ല. നേതാക്കളുടെ നിര്‍ദേശപ്രകാരം പാര്‍ട്ടി ആവശ്യത്തിനായി പണം വാങ്ങിയെങ്കിലും, ഒടുവില്‍ ആ ബാധ്യതകളെല്ലാം ഡിസിസി ട്രഷററായ തന്റെ തലയില്‍ മാത്രമായി. ആരും തന്നെ തിരിഞ്ഞുനോക്കിയില്ല എന്നും കെപിസിസി പ്രസിഡന്റിന് എഴുതി കത്തില്‍ പറയുന്നു. കത്തില്‍ ബാധ്യതകളെല്ലാം അക്കമിട്ട് നിരത്തിയിട്ടുണ്ട്.
എന്‍ഡി അപ്പച്ചന്റെ അയല്‍വാസിയായ ചാക്കോയില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി. ഇത് തിരിച്ചു കൊടുക്കലും തന്റെ മാത്രം ബാധ്യതയായി. പ്രശ്‌നം വന്നപ്പോള്‍ എല്ലാവരും കൈയൊഴിഞ്ഞുവെന്നും കത്തില്‍ പറയുന്നു. എന്‍എം വിജയനൊപ്പം മരിച്ച മകന് അര്‍ബന്‍ ബാങ്കില്‍ ഉണ്ടായിരുന്ന പാര്‍ട് ടൈം ജോലി കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് നഷ്ടപ്പെടുത്തിയെന്നും ആരോപണമുണ്ട്. ബാധ്യത പാര്‍ട്ടി ഏറ്റെടുക്കണമെന്ന് വിജയന്റെ മക്കള്‍ ആവശ്യപ്പെട്ടു. വിജയന്റെ മരണം കുടുംബപ്രശ്‌നമാക്കി മാറ്റാന്‍ കോണ്‍ഗ്രസിലെ രണ്ട് നേതാക്കള്‍ ശ്രമിച്ചുവെന്നും വിജയന്റെ മകള്‍ ആരോപിച്ചു.