Share this Article
Union Budget
അറസ്റ്റിലായവരിൽ പ്ലസ്ടു വിദ്യാർഥിയും ഒരാഴ്ച മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ വ്യക്തിയും; കായിക താരത്തെ പീഡിപ്പിച്ച കേസിൽ 15 പേര്‍ കൂടി അറസ്റ്റില്‍; അറസ്റ്റിലായവരുടെ എണ്ണം 20 ആയി; റിപ്പോർട്ട് തേടി ദേശീയ വനിതാ കമ്മീഷൻ
വെബ് ടീം
posted on 11-01-2025
1 min read
nine more arrested

പത്തനംതിട്ട: സംസ്ഥാനത്തെ ഞെട്ടിച്ച കായികതാരമായ ദലിത് പെൺകുട്ടിയെ അറുപതോളം പേർ പീഡിപ്പിച്ച കേസിൽ 15 പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 20 ആയി. ഇന്ന് അറസ്റ്റിലായവരിൽ പ്ലസ്ടു വിദ്യാർഥിയും ഒരാഴ്ച മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ വ്യക്തിയും മീൻ കച്ചവടം നടത്തുന്ന സഹോദരങ്ങളും ഉൾപ്പെടുന്നു. കഴിഞ്ഞദിവസം 5 പേർ അറസ്റ്റിലായിരുന്നു. വരും ദിവസങ്ങളിലും കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.

സംഭവത്തിൽ കേരള പോലീസിനോട്ദേശീയ വനിതാ കമ്മീഷൻ  റിപ്പോർട്ട് തേടിയിട്ടുണ്ട്. മുഴുവൻ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്യാനും നിർദേശിച്ചിട്ടുണ്ട് 

കുറ്റകൃത്യം നടന്ന കൂടുതൽ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളിൽ പലരും ഒളിവിലാണ്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.64 പേർ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. ഇതിൽ 62 പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആദ്യം പീഡിപ്പിച്ചത് ആൺസുഹൃത്താണ്. പതിമൂന്നാം വയസ്സിലായിരുന്നു ഇത്. പീഡനദൃശ്യങ്ങള്‍ സുഹൃത്ത് തന്റെ ഫോണില്‍ പകർത്തുകയും പിന്നീട് ഇതുകാട്ടി ഭീഷണിപ്പെടുത്തിയുമാണ് ആൺസുഹൃത്തിന്റെ സുഹൃത്തുക്കള്‍ പെൺകുട്ടിയെ പീഡിപ്പിച്ചത്.

മദ്യപിക്കുന്ന ശീലമുള്ള പിതാവിന്റെ ഫോണ്‍ രാത്രി പെണ്‍കുട്ടി ഉപയോഗിക്കുമായിരുന്നു. അങ്ങനെ സംസാരിച്ചവരും പരിചയപ്പെട്ടവരും ക്രൂരത നടത്തിയവരില്‍പ്പെടുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൂന്നുപേര്‍ ഒന്നിച്ചുവിളിച്ചുകൊണ്ടുപോയി വരെ കൂട്ടമായി പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും മൊഴിയിലുണ്ട്. 

പെൺകുട്ടിക്ക് അറിയാത്ത പല സ്ഥലങ്ങളിലും പീഡനം നടന്നിട്ടുണ്ട്. കാറില്‍വച്ചും സ്കൂളില്‍വച്ചും വീട്ടിലെത്തിയും പീഡിപ്പിച്ചവരുണ്ട്. സ്കൂള്‍തല കായികതാരമായ പെണ്‍കുട്ടി ക്യാംപിൽ വച്ചും പീഡനത്തിന് ഇരയായി. വിഡിയോ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു എല്ലാ പീഡനങ്ങളും നടന്നത്. ഇലവുംതിട്ട പൊലീസാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. പത്തനംതിട്ട പൊലീസും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories