തൃശൂര്‍ തലോരില്‍ മൊബൈല്‍ ഫോണ്‍ കട കുത്തിതുറന്ന് ഇരുപത്തിയഞ്ചു ലക്ഷം രൂപയുടെ ഫോണുകളും ടി.വികളും കവര്‍ന്നു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു കവര്‍ച്ച. മോഷ്ടാക്കള്‍ കടയില്‍ കവര്‍ച്ച നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കേരളവിഷൻ ന്യൂസിന് ലഭിച്ചു. തലോരിലെ അഫാത്ത് മൊബൈല്‍ ഫോണ്‍ കടയാണ് കൊള്ളയടിച്ചത്. ജീവനക്കാര്‍ രാവിലെ കട തുറക്കാന്‍ വന്നപ്പോഴായിരുന്നു കവര്‍ച്ച നടന്ന വിവരം അറിയുന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ഷട്ടര്‍ തകര്‍ത്തത്.
മോഷ്ടാക്കള്‍ എത്തിയത് വെള്ള കാറിലായിരുന്നു. കടയുടെ മുന്‍വശത്തെ സിസിടിവി കാമറകള്‍ തകര്‍ത്തു. മുഖംമറച്ചെത്തിയ മോഷ്ടാക്കള്‍ സ്മാര്‍ട് ഫോണുകളും ലാപ് ടോപ്പുകളും ടാബുകളും രണ്ടു ചാക്കുകളിലാക്കി കൊണ്ടുപോയി. മേശയില്‍ സൂക്ഷിച്ച പണവും കവര്‍ന്നു.ദേശീയപാതയോരത്താണ് കട സ്ഥിതിചെയ്യുന്നത്.
ഏകദേശം ഒന്നരമണിക്കൂറോളം മോഷ്ടാക്കള്‍ കടയില്‍ ചെലവിട്ടു. സമീപത്തെ പച്ചക്കറി കടയിലേക്ക് പിക്ക് വാന്‍ ഡ്രൈവര്‍ വന്നതോടെയാണ് മോഷ്ടാക്കള്‍ സ്ഥലംവിടുന്നത്. കാറിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രഫഷനല്‍ മോഷ്ടാക്കളാണ് കവര്‍ച്ച നടത്തിയതെന്ന് സൂചനയുണ്ട്. വിരലടയാള വിദഗ്ധര്‍ കടയില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. ഡോഗ് സ്ക്വാഡും പരിശോധനയ്ക്കെത്തിയിരുന്നു.