ഹൈദരാബാദ്/ ലണ്ടന്‍: ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ലണ്ടനില്‍ കുത്തിക്കൊന്നു. ഹൈദരാബാദ് സ്വദേശിനിയും ലണ്ടനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയുമായ കൊന്ദം തേജസ്വിനി(27)യാണ് കൊല്ലപ്പെട്ടത്. കത്തി കൊണ്ടുള്ള ആക്രമണത്തില്‍ 28 വയസ്സുള്ള മറ്റൊരു യുവതിക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയിലാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ബ്രസീല്‍ സ്വദേശിയായ യുവാവാണ് തേജസ്വിനിയെയും സുഹൃത്തിനെയും ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. 23-കാരനായ ഇയാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ലണ്ടനിലെ വെംബ്ലിയില്‍ ഇവര്‍ താമസിക്കുന്ന കെട്ടിടത്തില്‍ പ്രാദേശികസമയം ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കുത്തേറ്റ തേജസ്വിനി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു 24-കാരനെയും 23 വയസ്സുള്ള യുവതിയെയും പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് യുവതിയെ വിട്ടയച്ചതായും ഇതിനുപിന്നാലെയാണ് 23-കാരനായ മറ്റൊരുപ്രതിയെ കൂടി പിടികൂടിയതെന്നും പോലീസ് പറഞ്ഞു. കേസില്‍ അന്വേഷണം വേഗത്തില്‍ പുരോഗമിക്കുകയാണെന്നും പോലീസ് പ്രതികരിച്ചു.