ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ യുവതി ഷോക്കേറ്റ് മരിച്ചു. വെള്ളക്കെട്ട് മറികടക്കുന്നതിനിടെയാണ് യുവതിക്ക് ഷോക്കേറ്റത്. പ്രീത് വിഹാര്‍ സ്വദേശിനി അഹൂജയാണ് ഷോക്കേറ്റ് മരിച്ചത്. 34 വയസായിരുന്നു.സഹോദരിക്കൊപ്പം ചണ്ഡിഗഡിലേക്ക് പോകുന്നതിനായാണ് രാവിലെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. മഴ പെയ്തതിനെ തുടര്‍ന്ന് വെള്ളക്കെട്ട് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബാലന്‍സ് നഷ്ടമായ യുവതി വൈദ്യതി തൂണില്‍ പിടിച്ചപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.
അധികൃതരുടെ അനാസ്ഥയാണ് യുവതി ഷോക്കേറ്റ് മരിക്കിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. യുവതി വിവാഹിതയാണെന്നും ഇവര്‍ക്ക് രണ്ടു മക്കളുണ്ടെന്നും പൊലീസ് പറഞ്ഞു.