Share this Article
രാഹുൽ ഗാന്ധി എം പിക്കെതിരെ കേസെടുത്ത് പൊലീസ്; നടപടി നിയമോപദേശം ലഭിച്ച ശേഷം
വെബ് ടീം
posted on 19-12-2024
1 min read
RAHUL GANDHI

ന്യൂഡൽഹി: പാർലമെൻ്റ് വളപ്പിലെ നാടകീയ സംഭവവികാസങ്ങൾക്ക് ഒടുവിൽ  രാഹുൽ ഗാന്ധി എം പിക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി എംപി നല്‍കിയ പരാതിയിൽ ഡൽഹി പൊലീസാണ് കേസെടുത്തത്. ഗുജറാത്ത് എംപി ഹേമങ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് നടപടി.

അംബേദ്കര്‍ വിവാദത്തിലെ പ്രതിഷേധത്തിലാണ് പാര്‍ലമെന്‍റ് കവാടത്തില്‍ ഭരണപക്ഷ എംപിമാരും ഇന്ത്യ സഖ്യം എംപിമാരും തമ്മിൽ സംഘർഷത്തിന്റെ വക്കോളമെത്തിയത്. രാവിലെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ അമിത് ഷാ രാജി വയക്കണമെന്നാവശ്യപ്പെട്ട് അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് മകര്‍ ദ്വാറിലേക്ക് മാര്‍ച്ച് ആരംഭിച്ചു. ഇതേ സമയം മകര്‍ ദ്വാറില്‍ അംബേദ്കറെ നെഹ്റു വഞ്ചിച്ചെന്ന മുദ്രാവാക്യവുമായി ഭരണപക്ഷമെത്തി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ എംപിമാര്‍ മാര്‍ച്ചുമായി എത്തിയതോടെ ഇരുപക്ഷവും തമ്മിൽ ഉന്തും തള്ളുമായി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം എംപിമാര്‍ പാര്‍ലമെന്‍റിലേക്ക് കയറാന്‍  ശ്രമിച്ചതോടെ സംഘര്‍ഷം പരിധിവിട്ടു. സംഘർഷത്തിൽ ബിജെപി എംപിമാരായ പ്രതാപ് സാരംഗിക്കും, മുകേഷ് രാജ് പുതിനും പരിക്കേറ്റു. രാഹുല്‍ ഗാന്ധി പിടിച്ചുതള്ളിയെന്ന് എംപിമാര്‍ ആരോപിച്ചു. പരിക്കേറ്റ എംപിമാരെ ആര്‍എംഎല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. 

സ്ത്രീത്വത്തെ അപമാനിക്കും വിധം രാഹുല്‍ പെരുമാറിയെന്ന് നാഗാലന്‍ഡിലെ വനിത എംപി ഫാംഗ്നോന്‍ കൊന്യാക് രാജ്യസഭയില്‍ പരസ്യമായി പറഞ്ഞു. ചെയര്‍മാന് രേഖാമൂലം പരാതിയും നല്‍കി. പ്രിയങ്കാ ഗാന്ധിയേയും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയേയും ഭരണപക്ഷ എംപിമാര്‍ തള്ളിയിട്ടെന്ന് കോണ്‍ഗ്രസും ആരോപിച്ചു. തന്‍റെ മുട്ടിന് പരിക്കേറ്റെന്ന് ഖര്‍ഗെ പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ച്  നിഷേധിച്ച രാഹുല്‍ ഗാന്ധി, പ്രശ്നമുണ്ടാക്കിയത് ബിജെപി അംഗങ്ങളാണെന്ന് ആരോപിച്ചു. വധശ്രമം, മാരകമായ മുറിവേല്‍പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് രാഹുലിനെതിരെ പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ബലപ്രയോഗം നടത്തിയെന്നുമാണ് ബിജെപി എംപിമാര്‍ക്കെതിരായ കോണ്‍ഗ്രസ് വനിത എംപിമാരുടെ പരാതി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories