Share this Article
പ്രതി അസ്ഫാക് ആലത്തിനെതിരെ 9 വകുപ്പുകൾ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
വെബ് ടീം
posted on 30-07-2023
1 min read
aluva girl rape and murder case accused remanded by court

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലം റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തത്. ഞായറാഴ്ച രാവിലെ ആലുവ മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ പോലീസ് ഹാജരാക്കിയത്.തുടർന്ന് പ്രതിയെ ആലുവ സബ് ജയിലിൽ എത്തിച്ചു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനായി അടുത്തദിവസം തന്നെ കോടതിയില്‍ അപേക്ഷ നല്‍കും. 7 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകുക.അതേ സമയം  അന്വേഷണ സംഘം ബിഹാറിലേക്ക് പോകും. പ്രതി അസഫാക്ക് ആലത്തിൻ്റെ പശ്ചാത്തലം അറിയുന്നതിനായാണ് അന്വേഷണസംഘം ബിഹാറിലേക്ക് പോവുക. അന്വേഷണ സംഘത്തിലെ മൂന്നുപേരാവും പോവുക. 

ബലാത്സംഗം ഉള്‍പ്പെടെ ഒന്‍പതുവകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. കൃത്യം ചെയ്തത് അസ്ഫാക് ആലം ഒറ്റയ്ക്കാണെന്നാണ് പോലീസിന്റെ നിഗമനം. സംശയത്തെത്തുടര്‍ന്ന് മറ്റുചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നെങ്കിലും ഇവര്‍ക്കൊന്നും കൃത്യത്തില്‍ പങ്കില്ലെന്നാണ് കണ്ടെത്തല്‍.

ബിഹാര്‍ സ്വദേശിയായ 5 വയസ്സുകാരിയെ ഇന്നലെ രാവിലെയാണ് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ആലുവ മാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരത്തിനോട് ചേര്‍ന്ന് പുഴയോരത്തു ചാക്കിട്ടുമൂടി കല്ലുകള്‍ കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം. തായിക്കാട്ടുകര ഗാരിജിനു സമീപം ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി കഴിയുന്ന കെട്ടിടത്തിലാണ് പെണ്‍കുട്ടി മാതാപിതാക്കളും മൂന്നു സഹോദരങ്ങളുമൊത്തു താമസിച്ചിരുന്നത്.

പണം വാങ്ങി സക്കീര്‍ ഹുസൈന്‍ എന്നൊരാള്‍ക്കു കുട്ടിയെ കൈമാറിയെന്നായിരന്നു പ്രതി ആദ്യം പൊലീസിന് നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ 2 സുഹൃത്തുക്കളെ കൂടി കസ്റ്റഡിയിലെടുത്തു. ഇതിനിടെ പൊലീസിനു ലഭിച്ച ഫോണ്‍ കോള്‍ വഴിത്തിരിവായി. വെള്ളിയാഴ്ച കുട്ടിയെ പ്രതിക്കൊപ്പം കണ്ടതായി ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി പൊലിസിനെ അറിയിച്ചു. പകല്‍ 11.45നു മാര്‍ക്കറ്റ് പരിസരത്തുവച്ച് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൊലപ്പെടുത്തിയതായി അതിനുശേഷമാണു പ്രതി സമ്മതിച്ചത്. കൂട്ടിക്കൊണ്ടുപോയി ഒരു മണിക്കൂറിനകം കുട്ടിയെ കൊലപ്പെടുത്തിയതായി കരുതുന്നു.

പീഡിപ്പിച്ച ശേഷം കുട്ടിയെ കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ചാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറയുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമേ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്നു പൊലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories