ന്യൂഡൽഹി: റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കേന്ദ്ര ഏജന്‍സികളുടെ ത്രിതല അന്വേഷണം. ധന-കമ്പനികാര്യ-തൊഴില്‍ മന്ത്രാലയങ്ങളാണ് അന്വേഷണം നടത്തുന്നത്. ചാനല്‍ മേധാവികള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് ലോക്സഭയില്‍ മറുപടി നല്‍കി.
കണ്ണൂര്‍ എം.പി കെ സുധാകരന്റെ നക്ഷത്രമിടാത്ത ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മുട്ടില്‍ മരംമുറിയും ചാനലിന്റെ സാമ്പത്തിക സ്രോതസും സംബന്ധിച്ചാണ് ഇ.ഡി അന്വേഷണം നടത്തുന്നതെന്നും ചാനലിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കമ്പനി രജിസ്ട്രാറോട് കമ്പനികാര്യ മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു. ലൈസന്‍സ് കൈമാറ്റത്തില്‍ വിശദീകരണം നല്‍കാനും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ലൈസസന്‍സ് കൈമാറ്റം സംബന്ധിച്ച് ഒരു അപേക്ഷയും നിലവില്‍ ഇല്ലെന്നും കമ്പനികാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ജീവനക്കാരുടെ ശമ്പളം, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ സംബന്ധിച്ച പരാതിയില്‍ ഒരു കോടി 37 ലക്ഷം രൂപ കുടിശിക വരുത്തിയതായി കേന്ദ്ര തൊഴില്‍ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കുടിശിക തിരിച്ചുപിടിക്കുന്നതിന് ഡിമാന്‍ഡ് നോട്ടീസ് നല്‍കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. സംപ്രേഷണാവകാശ ലൈസന്‍സ് കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും ചാനല്‍ അധികൃതര്‍ നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചിതായും മറുപടിയില്‍ പറയുന്നുണ്ട്.
അതേസമയം വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിവരം തേടിയതായി ഓഹരിയുടമ ലാലിയ ജോസഫും വ്യക്തമാക്കി.