ചെന്നൈ: തമിഴ് നടി സിന്ധു അന്തരിച്ചു. 44 വയസായിരുന്നു. വർഷങ്ങൾ നീണ്ട കാൻസർ പോരാട്ടത്തിന് ഒടുവിൽ ഇന്ന് 2.15ന് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 2010ൽ പുറത്തിറങ്ങിയ അങ്ങാടി തെരു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാണ്.
2020ലാണ് സിന്ധുവിന് സ്തനാർബുദം സ്ഥിരീകരിക്കുന്നത്. രോഗം മൂർച്ഛിച്ചതോടെ സ്തനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ രോഗം ഭേദമാക്കാന്‍ സാധിച്ചിരുന്നില്ല. കീമോതെറാപ്പി ചെയ്തതോടെ സിന്ധുവിൻ്റെ ഇടതു കൈയ്ക്ക് ചലനം നഷ്ടമായി. രോഗാവസ്ഥയിലും സിന്ധു അഭിനയിക്കാൻ പോയിരുന്നു. അതിനുശേഷം സാമ്പത്തികമായി ഏറെ പ്രതിസന്ധിയിലായ താരത്തിന് സഹായം തേടി സഹപ്രവർത്തകർ രംഗത്തെത്തിയിരുന്നു. നടൻ കൊട്ടച്ചിയാണ് മരണ വാർത്ത പുറത്തുവിട്ടത്.
ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച ആളാണ് സിന്ധു. നാടോടികൾ, നാൻ മഹാൻ അല്ലൈ, തേനവെട്ട്, കറുപ്പസാമി കുടകൈതരർ തുടങ്ങി സിനിമകളിൽ അഭിനയിച്ചു. മഹേഷും അഞ്ജലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അങ്ങാടി തെരു എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 14ാം വയസിൽ വിവാഹിതയായ സിന്ധുവിന്റെ ദാമ്പത്യ ജീവിതം ഏറെ ദുഷ്കരമായിരുന്നു എന്നാണ് പറയപ്പെടുന്നത്.