ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷന്‍ ഉറപ്പുനല്‍കുമെന്നും പദ്ധതി 23 ലക്ഷം പേര്‍ക്ക് ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പെൻഷൻ പദ്ധതി 2025 ഏപ്രിൽ 1 മുതൽ നടപ്പിലാക്കും.
സര്‍ക്കാര്‍ ജീവനക്കാര്‍ പുതിയ പെന്‍ഷന്‍ പദ്ധതികളില്‍ ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനായി കാബിനറ്റ് സെക്രട്ടറി ടി വി സോമനാഥന്റെ അധ്യക്ഷതയില്‍ പ്രധാനമന്ത്രി മോദി ഒരു കമ്മിറ്റി രൂപീകരിച്ചുവെന്നും ഈ കമ്മിറ്റി വിവിധ സംഘടനകളുമായി 100 ലധികം യോഗങ്ങള്‍ നടത്തിയെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ജീവനക്കാർക്ക് നാഷനൽ പെൻഷൻ പദ്ധതിയും (എൻപിഎസ്) യുപിഎസും തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും. നിലവിലുള്ള ജീവനക്കാർക്ക് എൻപിഎസിൽനിന്ന് യുപിഎസിലേക്ക് മാറാം. അഷ്വേര്‍ഡ് പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, മിനിമം അഷ്വേര്‍ഡ് പെന്‍ഷന്‍ എന്നിങ്ങനെയാണ് പെന്‍ഷന്‍ പദ്ധതി വേര്‍തിരിച്ചിരിക്കുന്നത്.
കുറഞ്ഞത് 25 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിക്കുന്നതിന് മുന്‍പുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനായി ഉറപ്പ് നല്‍കുന്നതാണ് അഷ്വേര്‍ഡ് പെന്‍ഷന്‍. പെന്‍ഷന്‍ വാങ്ങുന്നയാള്‍ മരിച്ചാല്‍, അപ്പോള്‍ വാങ്ങിയിരുന്ന പെന്‍ഷന്‍ തുകയുടെ 60% പെന്‍ഷന്‍ കുടുംബത്തിന് ഉറപ്പാക്കുന്നതാണ് കുടുംബ പെന്‍ഷന്‍. 10 വര്‍ഷം സര്‍വീസുള്ള ജീവനക്കാര്‍ക്ക് 10000 രൂപ പ്രതിമാസ പെന്‍ഷന്‍ ഉറപ്പാക്കുന്നതാണ് മിനിമം അഷ്വേര്‍ഡ് പെന്‍ഷന്‍.