അതി തീവ്ര ചുഴലിക്കാറ്റായ ബിപോര്‍ ജോയ് ഗുജറാത്ത് തീരത്തോടടുക്കുകയാണ്. ബഹിരാകാശ നിലയത്തിലുള്ള യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി കഴിഞ്ഞദിവസം നിലയത്തില്‍ നിന്ന് പകര്‍ത്തിയ ബിപോര്‍ ജോയ് ചുഴലിക്കാറ്റിന്റെ ചില ചിത്രങ്ങള്‍ പുറത്തുവിട്ടു.
അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളുമാണ് അല്‍ നെയാദി പങ്കുവെച്ചത്. ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുകയും ബഹിരാകാശ നടത്തത്തിനിറങ്ങുകയും ചെയ്ത ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാണ് നെയാദി.
മണിക്കൂറില്‍ 125 -135 കിലോമീറ്ററില്‍ വീശുന്ന കാറ്റ് 150 കിലോമീറ്റര്‍വരെ വേഗം കൈവരിച്ചേക്കുമെന്നാണ് വിവരം. ഗുജറാത്തില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മുതല്‍ സൗരാഷ്ട്ര-കച്ച് മേഖലയില്‍ പല ജില്ലകളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്.