Share this Article
Flipkart ads
മഹാരാഷ്ട്രയിൽ മഹാവിജയവുമായി മഹായുതി സഖ്യം;ദഹാനു മണ്ഡലത്തില്‍ സിപിഐഎമ്മിന് വിജയം;ജാർഖണ്ഡിൽ അധികാരത്തുടർച്ചയുമായി ഇന്ത്യാ മുന്നണി
വെബ് ടീം
posted on 23-11-2024
8 min read
maharastra

മുംബൈ:  മഹാരാഷ്ട്രയിൽ മഹായുതി സർക്കാർ അധികാരം ഉറപ്പിച്ചു. 288 സീറ്റുകളിൽ 223 ഇടത്താണ് എൻഡിഎ സഖ്യം വിജയിച്ചത്. തകർന്നടിഞ്ഞ ഇന്ത്യാ സഖ്യം 56 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്.മഹായുതിയുടെ പ്രമുഖ നേതാക്കളെല്ലാം വിജയിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരാണ് വിജയിച്ചത്. ബാരാമതിയിൽ അജിതിനെതിരെ നിർത്തിയ ശരദ് പവാർ വിഭാഗത്തിന്റെ  സ്ഥാനാർഥി യുഗേന്ദ്ര പവാർ തോൽവി നേരിട്ടു.  

അതേ സമയം മഹാരാഷ്ട്രയിലെ  ദഹാനു മണ്ഡലത്തില്‍ സിപിഐഎമ്മിന് വിജയം. വിനോദ് ഭിവ നിക്കോളെയാണ് വിജയിച്ചത്. 5133 വോട്ടിന്റെ ഭൂരിപക്ഷമാണ് വിനോദ് നേടിയത്. ബിജെപിയുടെ മേധ വിനോദ് സുരേഷിനെയാണ് നിക്കോളെ പരാജയപ്പെടുത്തിയത്.സിപിഐഎമ്മിന്റെ സിറ്റിങ്ങ് സീറ്റാണിത്. 104702 വോട്ടാണ് വിനോദ് നിക്കോളെ നേടിയത്. പത്താം തവണയാണ് സിപിഐഎമ്മിന്റെ ജയം. മഹാരാഷ്ട്രയിലെ ഏറ്റവും ദരിദ്രനായ സ്ഥാനാര്‍ത്ഥിയാണ് വിനോദ് നിക്കോളെ. 2019ല്‍ 4,707 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ നിക്കോളെ പരാജയപ്പെടുത്തിയത്.


മണ്ഡലത്തിലെ തലസാരി പഞ്ചായത്ത് 58 വര്‍ഷമായി സിപിഐഎം ഭരണത്തിലാണ്. മുംബൈയില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന ദഹാനു ഗുജറാത്ത് അതിര്‍ത്തിയോട് അടുത്തുള്ള പ്രദേശമാണ്. വാര്‍ളി ആദിവാസി പ്രക്ഷോഭം മുമ്പ് ജവഹര്‍ എന്നറിയപ്പെട്ടിരുന്ന ദഹാനുവിലാണ് നടന്നത്.

അതേസമയം ജാർഖണ്ഡിൽ ഇന്ത്യാ മുന്നണിയ്ക്ക് അധികാരത്തുടർച്ച. പുറത്തുവന്ന ഫലസൂചനകൾ പ്രകാരം ഇന്ത്യാ സഖ്യം 56 സീറ്റുകളിലും എൻഡിഎ 24 സീറ്റുകളിലും വിജയിച്ചു. 

ബിഹാറിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞടുപ്പില്‍ ഭരണകക്ഷിയായ എന്‍ഡിഎ സഖ്യം തൂത്തുവാരി. സിറ്റിങ് സീറ്റായ ഇമാംഗഞ്ച് നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായുള്ള പാര്‍ട്ടികളുടെ സിറ്റിങ് സീറ്റുകളായ തരാരി, രാംഗഡ്, ബെലഗഞ്ച് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് മൂന്ന് സീറ്റുകളില്‍ കെട്ടിവച്ച കാശുപോലും ലഭിച്ചില്ല.

ബെലഗഞ്ച് സീറ്റ് നഷ്ടമായത് ആര്‍ജെഡിക്ക് വലിയ തിരിച്ചടിയായി. പാര്‍ട്ടി രൂപീകരണം മുതല്‍ ആര്‍ജെഡിക്കൊപ്പമായിരുന്നു ബെലഗഞ്ച്. ജെഡിയുവിനോടാണ് ആര്‍ജെഡി പരാജയപ്പെട്ടത്. സുരേന്ദ്ര പ്രസാദ് യാദവ് എംപിയായതിനെ തുടര്‍ന്നാണ് ഈ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. സുരേന്ദ്ര യാദവിന്‍റെ മകന്‍ വിശ്വനാഥ് കുമാര്‍ സിങിനെ 21,391 വോട്ടിനാണ് മനോരമ ദേവി പരാജയപ്പെടുത്തിയത്.

സിപിഐ(എംഎല്‍)ന്റെ സിറ്റിങ് സീറ്റായ തരാരി ബിജെപി പിടിച്ചെടുത്തു. വിശാല്‍ പ്രശാന്ത് 10612 വോട്ടുകള്‍ക്കാണ് രാജു യാദവിനെ പരാജയപ്പെടുത്തിയത്. ഇമാംഗഞ്ചില്‍ ജന്‍സൂരജ് മൂന്നാം സ്ഥാനത്തെത്തി. 37,103 വോട്ടുകള്‍ നേടി. ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച സ്ഥാനാര്‍ഥി ദീപ കുമാരിയാണ് വിജയിച്ചത്. മണ്ഡലത്തില്‍ ആര്‍ജെഡിയാണ് രണ്ടാമത്. കേന്ദ്രമന്ത്രി ജിതിന്‍ റാം മാഞ്ചിയുടെ മരുമകളാണ് ദീപാ കുമാരി. ജിതിന്‍ റാം മാഞ്ചി ലോക്‌സഭയിലേക്ക് ജയിച്ചതോടെയാണ് ഇമാംഗഞ്ചില്‍ ഉപതെരഞ്ഞെടപ്പ് നടന്നത്.

രാംഗഡില്‍ ആര്‍ജെഡി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥി അശോക് കുമാര്‍ സിങ് ബിഎസ്പിയുടെ സതീഷ് കുമാര്‍ സിങ് യാദവിനോട് 1362 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പ്രതിപക്ഷത്തിന്റെ നിഷേധാത്മക സമീപനത്തിനെതിരെയും നീതീഷ് കുമാറില്‍ ജനം വിശ്വാസം അര്‍പ്പിച്ചതിന്റെയും വിലയിരുത്തലാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ജെഡിയു വക്താവ് രഞ്ജന്‍ പ്രസാദ് പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 200ലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പശ്ചിമ ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ആറു സീറ്റിലും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം. സിതായി മണ്ഡലത്തില്‍ തൃണമൂലിന്റെ സംഗിത റോയ് വിജയിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories