ക്രിസ്തുമസ് പരീക്ഷ ചോദ്യകടലാസ് ചോർച്ച കേസിൽ എം.എസ്.സൊല്യൂഷനിലെ രണ്ട് അധ്യാപകർക്ക് വീണ്ടും നോട്ടീസ് നൽകി. ക്രൈംബ്രാഞ്ച് ആണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ക്രിസ്തുമസ് പരീക്ഷ ചോദ്യ കടലാസ് ചോർന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അധ്യാപകരായ ജിഷ്ണുവിനും ഫഹദിനും നേരത്തെയും ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നൽകിയിരുന്നു. എന്നാൽ അവർ ഹാജരാകാതിരുന്നതോടെയാണ് വീണ്ടും നോട്ടീസ് നൽകിയത്.
ജിഷ്ണുവിനോട് ഈ മാസം മുപ്പതിനും ഫഹദിനോട് 31നും ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഹാജരായില്ലെങ്കിൽ ഇവരെ കസ്റ്റഡിയിലെടുക്കാനാണ് നീക്കം. അതിനിടെ ഒളിവിൽ പോയ എം.എസ്.സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബിൻ്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
നേരത്തെ തന്നെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയതിനാൽ വിദേശത്തേക്ക് കടക്കാൻ ഷുഹൈബിന് കഴിഞ്ഞിട്ടില്ല എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഈ മാസം 31നാണ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. ഷുഹൈബിനെയും എം.എസ്.സൊല്യൂഷനിലെ അധ്യാപകരെയും കൂടാതെ സ്കൂൾ അധ്യാപകരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.