തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലാണ് ശക്തമായ മഴയ്ക്ക് സാധ്യത.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മധ്യ മഹാരാഷ്ട്രക്ക് മുകളില്‍ ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. തെക്കന്‍ ജാര്‍ഖണ്ഡിന്, മുകളില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി സ്ഥിതി ചെയ്യുന്നു. സംസ്ഥാനത്ത് അടുത്ത 5 ദിവസം മിതമായ/ഇടത്തരം മഴ/ഇടി/ മിന്നല്‍ തുടരാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. തിങ്കളാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നു.
അപ്പർ കുട്ടനാടൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി
കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് മൂന്നു ഡാമുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. പാലക്കാട് മംഗലം ഡാം, തൃശൂര്‍ ഷോളയാര്‍ ഡാം, ഇടുക്കി കുണ്ടള ഡാം എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
1758.45 മീറ്ററാണ് കുണ്ടള ഡാമിലെ നിലവിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 94.6 ശതമാനം വെള്ളമാണ് ഡാമിലുള്ളത്. ഷോളയാറില്‍ 2661.30അടി വെള്ളമാണ് നിലവിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 96.77 ശതമാനം വെള്ളമാണ് ഷോളയാറിലുള്ളത്.മംഗലം ഡാമില്‍ 77.50 മീറ്ററാണ് നിലവിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 92 ശതമാനമാണ് മംഗലം ഡാമിലുള്ളത്. പെരിങ്ങല്‍കുത്ത് ഡാമില്‍ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പുതുപൊന്നാനിയില്‍ മണല്‍ വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി.കടവനാട് സ്വദേശി ഫൈസലിനെയാണ് കാണാതായത്.പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു.ആളെ കണ്ടെത്താനായില്ല.തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് മണല്‍വാരലില്‍ ഏര്‍പ്പെട്ടിരുന്ന സംഘം അപകടത്തില്‍ പെട്ടത്. പുതുപൊന്നാനി പാലത്തിനു സമീപം വഞ്ചി ഉപയോഗിച്ച് മണല്‍വാരുന്നതിനിടയിലാണ് അപകടം.നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. ആളെ കണ്ടെത്താനായില്ല. ശക്തമായ അടിയൊഴുക്ക് മൂലം തിരച്ചില്‍ ദുഷ്‌കരമാണ്.