Share this Article
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്നം: മുസ്‌ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്
Plus one seat issue in Malabar: Muslim League to protest

മലബാറിലെയും ഇടുക്കിയിലെയും  പ്ലസ് വൺ സീറ്റിലെ അപര്യാപ്തത ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി മുസ്‌ലിം ലീഗ്. സാമ്പത്തിക  പ്രതിസന്ധി ഉണ്ടെങ്കിലും  പ്ലസ് വൺ സീറ്റ് പ്രശ്നം ശാശ്വതമായി പരിഹരിക്കണം എന്നാണ് എൽഡിഎഫ് ഘടകകക്ഷിയായ ഐ.എൻ.എൽ വ്യക്തമാക്കുന്നത്.

പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് എസ്കെഎസ്എസ്എഫ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് തുടങ്ങിയ സംഘടനകളുടെയും തീരുമാനം.

മലബാർ ജില്ലകളിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ സീറ്റുകളുടെ അപര്യാപ്തത വലിയ പ്രതിസന്ധിയാണ്. എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ഉപരിപഠനത്തിനായി സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ സീറ്റുകൾ ലഭിക്കാത്ത സ്ഥിതിയാണ്.

കഴിഞ്ഞവർഷം മാർജിനൽ സീറ്റുകൾ വർദ്ധിപ്പിച്ചായിരുന്നു സർക്കാർ ഈ പ്രതിസന്ധി ഒരു പരിധിവരെ താൽക്കാലികമായി പരിഹരിച്ചിരുന്നത്. ഇത്തവണയെങ്കിലും ബാച്ചുകൾ അധികമായി അനുവദിക്കണം എന്ന് നേരത്തെ തന്നെ മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇത്തവണ അധിക ബാച്ചുകൾ അനുവദിക്കാൻ കഴിയില്ലെന്ന പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയുടെ വാക്കുകളാണ്  മുസ്‌ലിം ലീഗിനെയും ന്യൂനപക്ഷ വിദ്യാർത്ഥി സംഘടനകളെയും ചൊടിപ്പിച്ചിരിക്കുന്നത്.

പഠിക്കുക എന്നത് വിദ്യാർത്ഥികളുടെ അവകാശമാണെന്നും ആരുടെയും ഔദാര്യമല്ലെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞ വാക്കുകൾ സർക്കാരിനെതിരായ പാർട്ടി നിലപാട് കടുപ്പിക്കുന്നതിന്റെ സൂചനയാണ്. ന്യായമല്ലാത്ത അഭിപ്രായത്തിൽ മന്ത്രി ഉറച്ചുനിന്നാൽ മുസ്‌ലിം ലീഗ് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് മുന്നറിയിപ്പും അദ്ദേഹം നൽകി. 

അതേസമയം യുഡിഎഫ് ഭരിക്കുമ്പോൾ ഉള്ള സീറ്റ് പ്രതിസന്ധി പകുതിയാക്കി കുറയ്ക്കാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചിട്ടുണ്ട് എന്ന്  വ്യക്തമാക്കുമ്പോഴും സീറ്റ് പ്രതിസന്ധി പരിഹരിക്കേണ്ടത് ഭരണകക്ഷിയാണെന്ന അതൃപ്തി എൽഡിഎഫിന്റെ ഘടകകക്ഷിയായ ഐ.എൻ.എൽ പ്രകടിപ്പിക്കുന്നുണ്ട്.

അതേസമയം മലബാർ ജില്ലകളിൽ 30% മാർജിനിൽ സീറ്റ് വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നും ഐഎൻഎൽ വ്യക്തമാക്കുന്നുണ്ട്. ഇതിൽ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് സംസ്ഥാന പ്രസിഡൻ്റ് അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കുന്നത്.

മാർജിനൽ സീറ്റ് വർദ്ധനയിലൂടെ കുട്ടികൾ തിങ്ങിനിറഞ്ഞു പഠിക്കേണ്ട ഗതികേടിലാണെന്നും പുതിയ ബാച്ചുകൾ അനുവദിക്കാത്തിടത്തോളം പ്രക്ഷോഭം നടത്തുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻറ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

അതിനിടെ മലബാറിലെ സീറ്റ് വിഷയത്തിൽ സർക്കാർ വിവേചനം കാണിക്കുന്നു എന്ന് ആരോപിച്ച് സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ എസ്കെഎസ്എസ്എഫ് മേഖലാതലങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കും. 17 ന് വൈകിട്ട് 4ന് പെൻ പ്രൊട്ടസ്റ്റ് എന്ന പേരിലാണ് പ്രതിഷേധം നടക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാൽ പുതിയ ബാച്ചുകൾ അനുവദിക്കുക പ്രയാസകരമാണ് എന്നുള്ളതാണ് സർക്കാർ വ്യക്തമാക്കുന്നത്. സീറ്റ് പ്രതിസന്ധി മലബാറിലെ വിദ്യാർത്ഥികളുടെ ഭാവിയെയും പ്രതിസന്ധിയിലാക്കുകയാണ്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories