തിരുവനന്തപുരം: ദന ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കാസര്‍കോട്, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളത്തില്‍ ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും തമിഴ്‌നാടിനു മുകളില്‍ നിലനില്‍ക്കുന്ന മറ്റൊരു ചക്രവാതച്ചുഴിയും കേരളത്തില്‍ മഴയെ സ്വാധീനിക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായിരിക്കും മഴ
അതിനിടെ ദന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡിഷ, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ അപകട സാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ തുടങ്ങി. ചുഴലിക്കാറ്റ് ബാധിച്ചേക്കാവുന്ന പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. പശ്ചിമ ബംഗാളിലും ഒഡിഷയിലും നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ ആദ്യ മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയേക്കാം. കാറ്റിന്റെ വേഗത 120 കിലോമീറ്റര്‍ വരെ എത്തിയേക്കാമെന്നും പ്രവചനത്തില്‍ പറയുന്നു. 14 ജില്ലകളിലെ 3,000 ഗ്രാമങ്ങളില്‍ നിന്നുള്ള 10 ലക്ഷത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റാനാണ് ഒഡിഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്.