Share this Article
image
'തൊപ്പി' എന്ത് തരം സന്ദേശമാണ് നൽകുന്നത്? ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടി കൈക്കൊള്ളണമെന്നും ഡിവൈഎഫ്ഐ
വെബ് ടീം
posted on 21-06-2023
1 min read
dyfi demands censoring in social media

തിരുവനന്തപുരം:സോഷ്യൽ മീഡിയയിൽ ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ മാനദണ്ഡം കൊണ്ടുവരണമെന്നു ഡിവൈഎഫ്ഐ. യുട്യൂബ് അടക്കമുള്ള വിഡിയോ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം, കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം എന്നിവയ്ക്കാണു മാനദണ്ഡം രൂപീകരിക്കേണ്ടത്. സാമൂഹിക വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ വിഡിയോകൾ ചെയ്യുന്നവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

‘തൊപ്പി’ എന്നറിയപ്പെടുന്ന യുട്യൂബറുടെ ചില വിഡിയോകൾ വിവാദമായ പശ്ചാത്തലത്തിലാണു ഡിവൈഎഫ്ഐയുടെ ആവശ്യം. സ്ത്രീവിരുദ്ധതയും തെറിവിളിയും അശ്ലീല പദപ്രയോഗങ്ങളുമായി പേരെടുത്ത ഒരാളുടെ അഭിമുഖം നടത്തുകയും അയാളെ ഉദ്ഘാടനത്തിനു കൊണ്ടുവരികയും ചെയ്യുന്നത് എന്തുതരം സന്ദേശമാണു സമൂഹത്തിനു നൽകുക? സ്ത്രീവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ ‘കണ്ടന്റ്’ സൃഷ്ടിക്കുന്ന വ്ലോഗർമാർക്കെതിരെ നിയമ നടപടി വേണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

പ്രസ്താവനയിൽ നിന്ന്:

സമീപ കാലത്ത് സമൂഹമാധ്യമങ്ങളിലെ വിഡിയോ പ്ലാറ്റ്ഫോമുകളുടെ വളർച്ച ദൃശ്യ മാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത്. യുട്യൂബ് പോലുള്ള വിഡിയോ അധിഷ്ഠിത പ്ലാറ്റ്ഫോമുകളിൽ കൂടി നിരവധി കണ്ടന്റ് ക്രിയേറ്റർമാർ ലോകശ്രദ്ധയിലേക്കു വരികയും വ്യത്യസ്തമായ അഭിരുചികളും കഴിവുകളും പ്രകാശിപ്പിച്ച് പ്രേക്ഷക പ്രീതി നേടുകയും സെലിബ്രിറ്റി സ്റ്റാറ്റസ് കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഗുണപരമായ പല മാറ്റങ്ങളും നിലനിൽക്കുമ്പോൾ തന്നെ, മറ്റൊരു വിഭാഗം വളരെ പിന്തിരിപ്പനും അരാഷ്ട്രീയവും സ്ത്രീ - ദലിത്‌ വിരുദ്ധവും ആധുനിക മൂല്യങ്ങൾക്കെതിരെ പൊതുബോധം നിർമിക്കുന്നതുമായ വിഡിയോകൾ ഉൽപ്പാദിപ്പിക്കുകയാണ്.

ചിന്താശേഷിയില്ലാത്ത കുറേപ്പേർ  ഇതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ ഇത്തരക്കാർക്ക് പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഫോളോവർമാരാവുന്നത് എന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പൊതുജനശ്രദ്ധയിൽപെട്ട ‘തൊപ്പി’ എന്നറിയപ്പെടുന്ന യുട്യൂബർ ചെയ്യുന്ന വിഡിയോകളുടെ ഉള്ളടക്കം ഇത്തരത്തിൽ പെട്ടതാണ്. തീർത്തും സ്ത്രീവിരുദ്ധവും അശ്ലീല പദപ്രയോഗങ്ങളും തെറി വിളികളും അടങ്ങുന്ന വിഡിയോകൾക്ക് സമൂഹത്തിൽ സ്വാഭാവികമായും ആ നിലയിലുള്ള കാഴ്ചക്കാരെ ലഭിക്കും. എന്നാൽ കുട്ടികൾ ഉൾപ്പെടെയുള്ള പുതുതലമുറ ആവശ്യമായ നവമാധ്യമ വിദ്യാഭ്യാസം പോലും ലഭിക്കാതെ ഇത്തരം വിഡിയോകളുടെ ആരാധകരാകുകയാണ്.

യുട്യൂബ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാൻ പ്രായപരിധിയുള്ള രാജ്യമാണ് നമ്മുടേത്. പ്രായപൂർത്തിയാവാത്ത കുട്ടികൾ കാണേണ്ട ഉള്ളടക്കമുള്ള വിഡിയോകൾക്ക് ‘യുട്യൂബ് കിഡ്സ്‌’ എന്ന മറ്റൊരു വിഭാഗം പോലുമുണ്ട്. എന്നാൽ ആവശ്യത്തിനു സാങ്കേതിക വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കൾ കുട്ടികൾ ഏതു തരം വിഡിയോകളാണ് കാണുന്നതെന്നും ഗാഡ്ജറ്റുകൾ കുട്ടികൾ ഏത് നിലയിലാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ചും ധാരണയില്ലാത്തവരാണ്.

സിനിമകളുടെ ഉള്ളടക്കം പരിഗണിച്ച് പ്രേഷകർക്ക് കാണാവുന്ന പ്രായത്തിനനുസരിച്ച് സർട്ടിഫിക്കറ്റ് ലഭിക്കുന്ന നാട്ടിൽ, കയ്യിലെ മൊബൈൽ ഫോണിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഏതുതരം വിഡിയോകളും ലഭിക്കുകയാണ്. ഏതു വിധേനയും ജനശ്രദ്ധ നേടുക, എന്തു ചെയ്തും പ്രശസ്തിയും പണവും നേടുക എന്നതുമാണ് ഇത്തരം ഉള്ളടക്കങ്ങൾക്കു പിന്നിൽ. സ്ത്രീ വിരുദ്ധതയും തെറി വിളിയും അശ്ലീല പദപ്രയോഗങ്ങളുമായി പേരെടുത്ത ഒരാളുടെ അഭിമുഖങ്ങൾ നടത്തുന്നവരും അയാളെ ഉദ്ഘാടനത്തിനു കൊണ്ടുവരുന്നവരുമൊക്കെ എന്തുതരം സന്ദേശമാണ് പൊതുസമൂഹത്തിനു നൽകുന്നതെന്ന് ആലോചിക്കണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories