അവധിയാഘോഷിച്ച് ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ദീര്‍ഘകാല ഡെസ്റ്റിനേഷന്‍ വിസയനുവധിക്കാനൊരുങ്ങി തായ്‌ലാൻഡ്. പുതിയനിയമപ്രകാരം മറ്റുരാജ്യക്കാര്‍ക്ക് 180 ദിവസം വരെ ഡെസ്റ്റിനേഷന്‍ വിസയില്‍ രാജ്യത്ത് തുടരാന്‍ സാധിക്കും.
ലോകത്തില്‍ ഏറ്റവുമധികം വിനോദസഞ്ചാരികള്‍ കാണാനാഗ്രഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് തായ്‌ലാൻഡ്. അതുകൊണ്ട് തന്നെ ഒഴിവുവേളകള്‍ക്കൊപ്പം ജോലിയും കൊണ്ടുപോകാനാഗ്രഹിക്കുന്നവര്‍ക്ക് ആഹ്ലാദം പകരുന്നതാണ് തായ്‌ലന്റ് സര്‍ക്കാരിന്റെ ഡെസ്റ്റിനേഷന്‍ വിസ പദ്ധതി.
നിലവില്‍ ഇന്ത്യക്കാര്‍ക്ക് തായ്‌ലന്റില്‍ പോകാന്‍ പാസ്സ്‌പോര്‍ട്ടിന്റെ ആവശ്യമേയുള്ളു. എങ്കിലും 15 ദിവസം കഴിഞ്ഞാല്‍ ഇത് പുതുക്കണം. എന്നാല്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള ഡെസ്റ്റിനേഷന്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് 180 ദിവസം നിയമാനുസൃതമായി രാജ്യത്ത് തുടരാനാകും. അതുപോലെ ഇത്രയും ദിവസം രാജ്യത്ത് തുടരുന്നതിന് നികുതി കൊടുക്കേണ്ടതില്ലെന്നതും എടുത്ത് പറയേണ്ടതാണ്.
വേണ്ടിവന്നാല്‍ അപേക്ഷാര്‍ത്ഥികള്‍ക്ക് കുടുംബത്തെ ഒപ്പം കൂട്ടാനും ഡെസ്റ്റിനേഷന്‍ വിസാനിയമം അനുവദിക്കുന്നുണ്ട്. തായ്‌ലന്റില്‍ പഠനാവശ്യങ്ങള്‍ക്കും ചികിത്സാസംബന്ധമായ ആവശ്യങ്ങള്‍ക്കും എത്തുന്നവര്‍ക്കാണ് പദ്ധതി ഏറെ ഗുണകരമാകുക.
ചെറിയ ചില മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അപേക്ഷിച്ചാല്‍ ആര്‍ക്കും സ്വന്തമാക്കാവുന്നതാണ് തായ്‌ലാൻഡ് ഡെസ്റ്റിനേഷന്‍ വിസ. അപേക്ഷിക്കുന്നയാള്‍ക്ക് 20 വയസ് തികഞ്ഞിരിക്കണം. ഒപ്പം ബാങ്ക് അക്കൗണ്ടില്‍ അഞ്ച് ലക്ഷം തായ് ബാത്ത് അതായത് 12 ലക്ഷം രൂപ നിക്ഷേപവും.
10000 തായ് ബാത്ത് അതായത് 24000 രൂപയാണ് വിസയുടെ അപേക്ഷ ഫീസ്. പദ്ധതി ഈമാസം അവസാനത്തോടെ പ്രബല്യത്തില്‍ വരുമെന്നാണ് തായ്‌ലാൻഡ് സര്‍ക്കാര്‍ സൂചിപ്പിക്കുന്നത്.