തിരുവനന്തപുരം: നിപ ഭീഷണി പൂര്‍ണമായി ഒഴിഞ്ഞുപോയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ പേരിലേക്ക് പടര്‍ന്നിട്ടില്ലെന്നത് ആശ്വാസമാണ്. വ്യാപനം തടയാനും മികച്ച ചികിത്സ ഉറപ്പാക്കാനും ഫലപ്രദമായ നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. രണ്ടാം തംഗത്തിനുള്ള സാധ്യത വളരെ കുറവാണെങ്കിലും പൂര്‍ണമായും തള്ളിക്കളയാന്‍ സാധിക്കില്ല എന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തല്‍- അദ്ദേഹം പറഞ്ഞു.
കോഴിക്കോടും സമീപ ജില്ലകളിലുമാണ് നിപ വ്യാപനം തടയാന്‍ ശാസ്ത്രീയ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുള്ളത്. തുടക്കത്തില്‍ തന്നെ കണ്ടെത്താനായതുകൊണ്ട് അപകടം ഒഴിവാക്കാനായിട്ടുണ്ട്. നിപ ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കുകയും കോര്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. നിപ കണ്‍ട്രോള്‍ റൂം സജ്ജമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ സൗകര്യവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തി. ആരോഗ്യമന്ത്രി നേരിട്ട് സ്ഥലത്തെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
1286പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. അവരില്‍ 276പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടതാണ്. 122 പേര്‍ രോഗികളുടെ കുടുംബാഗങ്ങളും ബന്ധുക്കളുമാണ്. 118 ആരോഗ്യപ്രവര്‍ത്തകര്‍ പട്ടികയിലുണ്ട്. 994പേര്‍ നിരീക്ഷണത്തിലാണ്. രോഗലക്ഷണമുള്ള 304 സാമ്പിളുകള്‍ ശേഖരിച്ചു. 267പേരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. ആറുപേരുടെ ഫലമാണ് പോസിറ്റീവ് എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന മന്ത്രിസഭ പുനഃസംഘടന ഒരു ചർച്ചാവിഷയമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.മാധ്യമങ്ങള്‍ ഉണ്ടാക്കിയ ഒരു അജണ്ടയാണ്. പുനഃസംഘടന എല്‍ഡിഎഫിനകത്ത് ഒരു ചര്‍ച്ചാ വിഷയമേയല്ല. ഏതെങ്കിലും തരത്തിലുള്ള തീരുമാനം മുമ്പ് എടുത്തിട്ടുണ്ടെങ്കില്‍ അത് കൃത്യ സയമത്ത് തന്നെ നടപ്പാക്കും.
പുതുപ്പള്ളിയില്‍ എല്ലാവരും വിലയിരുത്തി കഴിഞ്ഞു. അതില്‍ വ്യത്യസ്തമായിട്ടല്ല തന്റെ പ്രതികരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ ആ തിരഞ്ഞെടുപ്പിന് അതിന്റേതായ പ്രത്യേകതയുണ്ട്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ അത് ദൃശ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോളാര്‍ ഗൂഢാലോചനയുടെ കാര്യങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ പുറത്ത് വന്നതിന്റെ ഉദ്ദേശ്യം എന്തായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന പിണറായിയെ ആണോ മരിച്ചുപോയ ഉമ്മന്‍ചാണ്ടിയെ ആണോ അത് ബാധിക്കുക എന്ന് പരിശോധിച്ചാല്‍ മതി. അതുകൊണ്ടാണല്ലോ അവര്‍ക്കിടയില്‍ പ്രശ്‌നമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇറക്കി വിട്ടയാള്‍ക്ക് പിന്നീട് കാണാന്‍ ധൈര്യം വരില്ലല്ലോ എന്നായിരുന്നു ദല്ലാള്‍ നന്ദകുമാറിന്റെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടചോദ്യത്തിനുള്ള മറുപടി.
മാസപ്പടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ തന്റെ ചുരുക്കപ്പേര് ഉണ്ടാകാനേ സാധ്യതയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. 'എത്ര പി.വിമാരുണ്ട് ഈ നാട്ടില്‍. ബിജെപി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ ഊഹിച്ചതിന് ഞാന്‍ എന്ത് പറയാനാണ്. ഇത്തരമൊരു കാര്യത്തില്‍ എന്റെ സ്ഥാനമെടുത്ത് ഉപയോഗിച്ചത് എന്തിനാണ്. ഇന്നയാളുടെ ബന്ധുവാണ് എന്ന് എന്തിനാണ് പറയുന്നത്. കൃത്യമായ ഉദ്ദേശം അവര്‍ക്കുണ്ട്. ആ ഉദ്ദേശം കൃത്യമായ ആളെ പറയലല്ല, ആ ആളിലൂടെ എന്നിലേക്കെത്തലാണ്. ആ രാഷ്ട്രീയം മനസ്സിലാക്കാന്‍ കഴിയാത്തവരാണ് മാധ്യമങ്ങളെന്ന് പറയുന്നില്ല. ബന്ധപ്പെട്ട ആളോട് പ്രതികരണമെങ്കിലും ഏജന്‍സി തേടേണ്ടതായിരുന്നു. ഈ കണക്കുകളെല്ലാം മറച്ചുവെച്ചതല്ല. കണക്കുകളെല്ലാം സുതാര്യമായിരുന്നു. പിണറായി വിജയനെ ഇടിച്ചുതാഴ്ത്താനാണ് ശ്രമിക്കുന്നത്. അതിനെ കുടുംബാംഗങ്ങളെ കൂടി ഉപയോഗപ്പെടുത്താമെന്നാണ് നോക്കുന്നത്' മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കേരളപ്പിറവി ആഘോഷം നവംബർ 1 മുതൽ നടത്തും. മലയാളത്തിന്റെ മഹോത്സവമായ കേരളീയം പരിപാടി ഒരാഴ്ച നീണ്ടു നിൽക്കും.
കേരളം ആർജിച്ച വിവധ നേട്ടങ്ങൾ സാംസ്‌കാരിക തനിമയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം. തലസ്ഥാന നഗരത്തിൽ കവടിയാർ മുതൽ കിഴക്കേകോട്ട വരെ കേരളീയവുമായി ബന്ധപ്പെട്ട പരിപാടികൾ അരങ്ങേറും. ലോകത്തെ തന്നെ പ്രഗത്ഭരും പ്രമുഖരുമായ ചിന്തകരേയും വിദഗ്ധരേയും ഉൾപ്പെടുത്തിയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സെമിനാറുകളാണ് കേരളീയത്തിന്റെ പ്രധാന അജണ്ഡ. വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം ഭാവി കേരളത്തിനുള്ള മാർഗ രേഖ തയാറാക്കലും നടക്കും.
അഞ്ച് ദിവസങ്ങളിലായി 25 സെമിനാറുകൾ നടക്കും. കേരളത്തിന്റെ നേട്ടങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്താൻ എക്‌സിബിഷനുകളും നടക്കും. തലസ്ഥാന നഗരമാകെ പ്രദർശന വേദിയാകുന്ന പ്രതീതിയാണ് സൃഷ്ടിക്കുക. കലാ സാംസ്‌കാരിക പരിപാടികൾ, ട്രേഡ് ഫെയറുകൾ, ഭക്ഷ്യമേളകൾ എന്നിവയും ഒരുക്കും.
ഏഴു മാസം വാർത്താ സമ്മേളനം നടത്താത്തതിന്റെ കാരണങ്ങൾ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു. മാധ്യമങ്ങളെ വേണ്ട എന്നു വച്ചാൽ താൻ ഇന്ന് വാർത്താ സമ്മേളനത്തിനു വരുമോയെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി ചോദിച്ചു.
‘ വാർത്താ സമ്മേളനത്തിന് ഗ്യാപ് വന്നത് ഗ്യാപ് വന്നതുകൊണ്ട് തന്നെ. അതിലെന്താ വേറെ പ്രശ്നം വന്നിരിക്കുന്നത്. എല്ലാദിവസവും നിങ്ങളെ കാണാറില്ലായിരുന്നല്ലോ. ആവശ്യം ഉള്ളപ്പോൾ നിങ്ങളെ കാണാറുണ്ടല്ലോ. അതിനിയും കാണും. അതിനു വേറെ പ്രശ്നം ഒന്നുമില്ല. എല്ലാക്കാലത്തും നിങ്ങൾക്ക് അതറിയാമല്ലോ. ആവശ്യമുള്ളപ്പോൾ നിങ്ങളെ കാണാറുണ്ട്’–മുഖ്യമന്ത്രി പറഞ്ഞു.
‘ശബ്ദത്തിന് ചില പ്രശ്നങ്ങൾ വന്നതും വാർത്താ സമ്മേളനത്തിനു പ്രശ്നമായി. നിങ്ങൾ മാധ്യമങ്ങൾക്ക് നിങ്ങളെ കാണുന്നത് മാത്രമാണ് പ്രശ്നം. എനിക്ക് മാധ്യമങ്ങളെ കാണുന്നതിന് പ്രശ്നമില്ല. വാർത്താ സമ്മേളനം നടത്താത്തതിൽ ഒരു അസ്വഭാവികതയുമില്ല–മുഖ്യമന്ത്രി പറഞ്ഞു.