തിരുവനന്തപുരം: കേരളത്തിലെ ആദിവാസി വിഭാഗത്തിൽനിന്ന് വെല്ലുവിളികളെ അതിജീവിച്ച് ആദ്യമായി ഐ.എ.എസ്. നേടിയ ശ്രീധന്യ സുരേഷിന് ആര്‍ഭാടരഹിത വിവാഹം. തിരുവനന്തപുരത്തെ വീട്ടിൽ വച്ച് നടന്ന രജിസ്റ്റര്‍ കല്യാണത്തിന് വധൂവരൻമാരുടെ അച്ഛനമ്മമാരും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.രജിസ്‌ട്രേഷൻ വകുപ്പ് ഐ.ജി. ശ്രീധന്യ സുരേഷും ഗായക് ആർ. ചന്ദും തമ്മിലുള്ള വിവാഹമാണ് രജിസ്റ്റർ മാരേജിന്റെ ലാളിത്യത്തിൽ ഒതുങ്ങിയത്. താലിപോലും ചാർത്താതെ ഒരു കേക്ക് മുറിക്കൽ മാത്രം. രജിസ്ട്രേഷൻ ഐജിയുടെ വിവാഹ വിശേഷങ്ങൾ കേട്ടറിഞ്ഞ് ആശംസയറിയിക്കാൻ ചീഫ് സെക്രട്ടറിയും ശ്രീധന്യയുടെ വീട്ടിലെത്തി. കുമാരപുരത്തെ വീട്ടിൽ കല്യാണപ്പിറ്റേന്നത്തെ പതിവ് തിരക്കൊന്നുമില്ല. എന്തുകൊണ്ടിങ്ങനെ ഒരു വിവാഹം എന്ന് ചോദിച്ചാൽ ശ്രീധന്യ സുരേഷിനും ഗായക് ചന്ദ്രിനും ഒരേ മനസ്, ഒരുപോലെ മറുപടി.
വകുപ്പ് മേധാവി ആ ഫയലിൽ ഒപ്പിട്ടു. പുതുജീവിതത്തിന്റെ സ്വന്തം ഫയലിൽ. ''രജിസ്ട്രേഷൻ വകുപ്പ് മേധാവി ആയതുകൊണ്ട് തന്നെ വകുപ്പ് കൊടുക്കുന്ന സേവനം മാക്സിമം ഉപയോഗപ്പെടുത്തണം എന്നെനിക്കുണ്ടായിരുന്നു. സ്പെഷൽ മാര്യേജ് ആക്റ്റ് വകുപ്പ് കൊടുക്കുന്ന പ്രധാന സേവനങ്ങളിലൊന്നാണ്. അത് ആളുകളിലേക്ക് കൂടി എത്തിക്കാം എന്നുള്ള തീരുമാനത്തിന്റെ പുറത്താണ് ഇങ്ങനെ വിവാഹം നടത്താൻ തീരുമാനിച്ചത്.'' ശ്രീധന്യ പറയുന്നു. വളരെ അടുത്ത ബന്ധുക്കൾ മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ. പത്തില്‍ താഴെ ആളുകള്‍ മാത്രമെന്ന് ഗായകും.
വകുപ്പ് മന്ത്രി കടന്നപ്പള്ളി രാചന്ദ്രൻ കല്യാണത്തിന് കണ്ണൂരിൽ നിന്നെത്തി. വധൂവരൻമാര്‍ക്ക് ആശംസയറിയിക്കാൻ ചീഫ് സെക്രട്ടറി കുടുംബസമേതം എത്തി. സിവിൽ സര്‍വ്വീസ് പഠനകാലത്തേ ഇരുവരും തമ്മിലുണ്ടായിരുന്ന സൗഹൃദമാണ് ഒടുവിൽ വിവാഹത്തിലെക്ക് എത്തിയത്. കൊല്ലം ഓച്ചിറ സ്വദേശിയായ ഗായക് ചന്ദ് ഇപ്പോൾ ഹൈക്കോടതി അസിസ്റ്റന്‍റാണ്. അപ്പോൾ ആര്‍ഭാടരഹിത വിവാഹം ആഗ്രഹിക്കുന്ന ആരും മറക്കണ്ട. ആയിരം രൂപ ഫീസടച്ചാൽ രജിസ്റ്റർ ഓഫീസിൽ പോകാതെ കല്യാണം വീട്ടിൽ നടത്താം.