ഹരിയാനയിലെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. നൂഹില്‍ ഉണ്ടായ സംഘര്‍ഷം മറ്റ് ജില്ലകളിലേക്കും വ്യാപിക്കുന്നു. സംഘര്‍ഷത്തില്‍ ഇതുവരെ എഴുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഗുഡ്ഗാവില്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അക്രമികള്‍ നിരവധി കടകള്‍ക്ക് തീയിട്ടു.നൂഹ്,ഗുരുഗ്രാം,ഫരീദാബാദ്,പല്‍വാള്‍,രേവാരി ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നൂഹിലും ഫരീദാബാദിലും ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. വിഎച്ച്പി സംഘടിപ്പിച്ച റാലിക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷം ശമിപ്പിക്കാന്‍ ഹരിയാനയിലെ മനേസറില്‍ മഹാപഞ്ചായത്ത് ചേരും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഹരിയാന സര്‍ക്കാര്‍ അടിയന്തര യോഗം ചേര്‍ന്നു. വ്യാജവാര്‍ത്തകളും വീഡിയോയും പ്രചരിപ്പിക്കരുതെന്നും ഹരിയാന സര്‍ക്കാര്‍.
പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും
മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. മണിപ്പൂര്‍ സംഘര്‍ഷം ഇരുസഭകളിലും സജീവമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്ത്യ മുന്നണി നേതാക്കള്‍ ഇന്ന് രാവിലെ 11.30നാണ് രാഷ്ട്രപതിയെ കാണും. മണിപ്പൂര്‍ സന്ദര്‍ശിച്ച ഇന്ത്യ മുന്നണിയിലെ 21 എംപിമാരും റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് കൈമാറും. 11 കേസുകള്‍ സിബിഐയ്ക്ക് വിടാന്‍ സുപ്രീംകോടതി തീരുമാനിച്ചിരുന്നു.
ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹര്‍ജി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കുക. ഭരണഘടന അനുച്ഛേദം 370 റദ്ദാക്കി നാല് വര്‍ഷം തികയാനിരിക്കെയാണ് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കുന്നത്. വിവിധ സംഘടനകള്‍ നല്‍കിയ 23 ഹര്‍ജികളിലായാണ് വാദം കേള്‍ക്കുക. പ്രത്യേക പദവി റദ്ദാക്കിയതിനെ അനുകൂലിച്ച് കശ്മീരി പണ്ഡിറ്റുകള്‍ നല്‍കിയ ഹര്‍ജിയും കോടതി പരിഗണിക്കും.