മുഖത്തുണ്ടായ പരിക്ക് ഔഷധസസ്യമുപയോഗിച്ച് സ്വന്തം മുറിവുണക്കി ഒറങ്ങൂട്ടാന്‍. ഇന്ത്യോനേഷ്യന്‍ ദീപായ സുമാത്രയിലെ ഗുനുങ് ല്യൂസര്‍ നാഷണല്‍ പാര്‍ക്കില്‍ 2022 ജൂണിലായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ സയന്റിഫിക് റിപ്പോര്‍ട്ട്‌സിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒറാങ്ങുട്ടാന്‍ ഇല ചവച്ച് ലേപനമാക്കി മുഖത്തെ മുറിവില്‍ പുരട്ടി ഒരു മാസമാവുമ്പോഴേക്കും മുറിവുണങ്ങിയെന്നാണ് സംഘം കണ്ടെത്തിയത്.
ചില മൃഗങ്ങള്‍ കാട്ടില്‍ കണ്ടെത്തിയ പ്രതിവിധികള്‍ ഉപയോഗിച്ച് സ്വന്തം രോഗങ്ങളെ ശമിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായാണ് ശാസ്ത്രജ്ഞര്‍ ഇതിനെ കണക്കാക്കുന്നത്.
മറ്റ് ആണ്‍ ഒറാങ്ങുട്ടന്‍മാരുമായുള്ള പോര്‍വിളിക്കിടെ പരിക്കേറ്റതാകാമെന്നാണ് കരുതുന്നത്. പരിക്കേറ്റ ഒറാങ്ങുട്ടാന്‍ പ്രദേശത്തെ മനുഷ്യര്‍ മലേറിയക്കെതിരേയും പ്രമേഹത്തിനെതിരെയും ഉപയോഗിക്കുന്ന ഔഷധ സസ്യമായ അകര്‍ കുനിങ് ആണ് പുരട്ടാനായി ഉപയോഗിച്ചത്.
ആന്റി-ഇന്‍ഫ്ളമേറ്ററി, ആന്റി ബാക്ടീരിയല്‍ സസ്യമായ അകര്‍ കുനിംഗ് എന്ന ചെടിയുടെ തണ്ടും ഇലകളും പരിക്കേറ്റ ഒറാങ്ങുട്ടാന്‍ ചവച്ചരക്കുന്നതും കുഴമ്പുരൂപത്തിലാക്കിയ ഇല കവിളില്‍ മുറിവേറ്റ ഭാഗത്ത് ഏഴ് മിനുട്ടോളം വെക്കുന്നതും ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പ്പെട്ടു.
ചെടിക്കു ചുറ്റും നടന്ന് ഇലകള്‍ ശേഖരിക്കുന്നതും ചവച്ചരക്കുന്നതും കവിളില്‍ പുരട്ടുന്നതും മുപ്പത് മിനുട്ടോളം തുടരുന്നതും പഠന സംഘം കണ്ടു. അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ മുറിവുണങ്ങിയുള്ള രോഗശമനവും നേരില്‍ കണ്ട് ബോധ്യപ്പെട്ടു. ഒരുമാസത്തിനുള്ളില്‍ അടയാളം പോലും ബാക്കിവെക്കാതെ മുറിവ് പൂര്‍ണ്ണമായും ഭേദമായി.
ഔഷധ സസ്യമാണെന്ന ബോധ്യത്തോടെ തന്നെയാണ് ഒറാങ്ങുട്ടാന്‍ ഈ മരുന്ന് വെച്ചതെന്നും പഠന സംഘം പറയുന്നത്. കാരണം ഈ ചെടിയുടെ ഇല ഇവ പൊതുവെ ഭക്ഷ്യയോഗ്യമായി പരിഗണിക്കുന്നതല്ല. മാത്രവുമല്ല 30 മിനുട്ടോളം ഈ പ്രക്രിയ നീണ്ടതും ഈ ബോധ്യത്തില്‍ നിന്നു തന്നെയാണെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.