തിരുവനന്തപുരം: ന്യൂസ് ക്ലിക്ക് ഓൺലൈൻ വാർത്ത പോര്‍ട്ടലിനെതിരായ ഡല്‍ഹി പൊലീസ് നടപടി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചുപോന്ന വിഷയങ്ങള്‍ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദല്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.
ന്യൂസ് ക്ലിക്കിനെതിരായ ഡല്‍ഹി പൊലീസിന്റെ നടപടി പുന:പരിശോധിക്കണം.എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാര്‍ത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ കുറിപ്പ്
മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചുപോന്ന വിഷയങ്ങള്‍ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദല്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ 'ന്യൂസ് ക്ലിക്കി'നുനേരെയുള്ള പൊലീസ് നടപടി എന്ന വിമര്‍ശനം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. ന്യൂസ് ക്ലിക്കിനെതിരായ ഡല്‍ഹി പൊലീസിന്റെ നടപടി പുന:പരിശോധിക്കണം.
എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാര്‍ത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്.