കൊച്ചി: എറണാകുളം സെൻ്റ് മേരീസ് ബസിലിക്കയിൽ പ്രാർഥന നടത്താനെത്തിയ മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിലിനെതിരെ വിമത വിഭാഗം വിശ്വാസികളുടെ പ്രതിഷേധം. ഏകീകൃത കുർബാന നടപ്പിലാക്കാനാണ് സിറിൽ വാസിൽ കൊച്ചിയിലെത്തിയതെന്നും അദ്ദേഹം മാർപാപ്പ അയച്ച പ്രതിനിധിയാണെന്നതിന് തെളിവില്ലെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.
വലിയ രീതിയിലുള്ള സംഘർഷമാണ് പള്ളി പരിസരത്ത് ഉണ്ടായിരിക്കുന്നത്. വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് സിറിൽ വാസിൽ പള്ളിയുടെ പിൻവാതിലിലൂടെയാണ് അകത്തുകടന്നത്. പ്രതിഷേധം ശമിപ്പിക്കാൻ പോലീസ് ശ്രമം നടത്തുന്നുണ്ടെങ്കിലും വിമതവിഭാഗക്കാരായ വിശ്വാസികൾ മുദ്രാവാക്യം വിളികളുമായി ബസിലിക്കയ്ക്ക് മുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്.
ഞായറാഴ്ച രാവിലെ കളമശേരി സെൻ്റ് ജോൺസ് യൂണിവേഴ്‌സിറ്റി പള്ളിയിൽ ആർച്ച് ബിഷപ്പ് സിറിൽ വാസിൽ ഏകീകൃത കുർബാന അർപ്പിച്ചിരുന്നു. തെറ്റിദ്ധരിക്കപ്പെട്ട ചെറിയൊരു വിഭാഗമാണ് സഭയെ എതിർക്കുന്നതെന്നും വൈകാതെ സത്യം തിരിച്ചറിഞ്ഞ് ഇവർ സഭയുടെ കൂട്ടായ്മയിലേക്ക് തിരിച്ചുവരുമെന്നും വിശ്വാസികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മാർ സിറിൽ വാസിൽ പറഞ്ഞിരുന്നു.