ആലപ്പുഴ: അശ്ലീല ഊമക്കത്തെഴുതിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. നൂറനാട് സ്വദേശികളായ ശ്യാം, ജലജ, രാജേന്ദ്രൻ എന്നിവരാണ് പിടിയിലായത്. അയൽവാസികളെ കുടുക്കാനായിരുന്നു ഇവർ കഴിഞ്ഞ ആറുമാസമായി ഊമക്കത്തെഴുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
അയൽവാസിയായ മനോജിന്റെ വീട്ടിലെ കിണറ്റിൽ താൻ നായയെ കൊന്നിട്ടതായി മനോജ് ആരോപിച്ചെന്ന് പറഞ്ഞാണ് ഒന്നാം പ്രതി ശ്യാം കഴിഞ്ഞ ജനുവരിയിൽ പൊലീസ് സ്റ്റേഷനിലെത്തുന്നത്. മനോജ് ശ്യാമിന്റെ പേരു വച്ച് അശ്ലീലച്ചുവയുള്ള കത്തുകൾ എഴുതാറുണ്ടെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഒരാഴ്ചയ്ക്കകം നൂറനാട് പഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന സുരേഷിന് ശ്യാമിന്റെ പേരിൽ അശ്ലീലക്കത്ത് കിട്ടി.
പിന്നാലെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് രാജു അപ്സര, മുൻ എംഎൽഎ കെ കെ ഷാജു തുടങ്ങിയവർക്കും കത്തുകളെത്തി. ആറു മാസത്തിനകം നൂറനാട് സ്വദേശികളെ തേടിയെത്തിയത് അൻപതോളം അശ്ലീല കത്തുകളാണ്. തുടർന്ന് ശ്യാം തന്നെ നൂറനാട് പൊലീസിൽ പരാതി നൽകി. പിന്നീട് നടന്ന അന്വേഷണത്തിൽ ശ്യാമിന്റെ ആരോപണം കളവാണെന്നും ശ്യാം തന്നെയാണ് പ്രതിയെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.
അയൽവാസികളായ മനോജിനോടും ശ്രീകുമാറിനോടുമുള്ള വൈരാഗ്യമാണ് ശ്യാമിനെ കത്തെഴുത്തിലേക്ക് നയിച്ചത്. മൊബൈൽ ലൊക്കേഷനിലൂടെ പിടിക്കാൻ മനോജ് പോകുന്ന സ്ഥലങ്ങളിൽ പോയായിരുന്നു ശ്യാം കത്തയച്ചിരുന്നതെന്നും പൊലീസ് പറയുന്നു.