പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് വച്ച് കോൺഗ്രസുകാർ ഹോട്ടലിലേക്ക് നീല ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിലേക്ക് പണം കടത്തിയെന്നാണ് സിപിഐഎമ്മും ബിജെപിയും ആരോപിച്ചത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയായിരുന്നു.ഹാര്‍ഡ് ഡിസ്‌ക്ക് ഉള്‍പ്പെടെ അന്വേഷണസംഘം പിടിച്ചെടുക്കുകയും ഹോട്ടലിലെ 22 സിസിടിവികളും പരിശോധിക്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ട്രോളി ബാഗുമായി ഹോട്ടലില്‍ എത്തുന്ന ദൃശ്യങ്ങൾ എന്ന രീതിയിൽ സിപിഐഎം പുറത്തുവിട്ടിരുന്നു. ഇതില്‍ കള്ളപ്പണമാണ് എന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം.എന്നാല്‍ ബാഗില്‍ തന്റെ വസ്ത്രങ്ങളാണെന്ന മറുപടിയുമായി രാഹുലും രംഗത്തെത്തിയിരുന്നു. പിന്നാലെ പോലീസ് ഹോട്ടലില്‍ രാത്രി റെയ്ഡ് നടത്തി. ഇതിനെതിരെ ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ, ബിന്ദു കൃഷ്ണ എന്നിവര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.