മുംബൈ: ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ശിവസേനയുടെ (യുബിടി) പത്രപ്പരസ്യവും ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയുടെ വിവാദ പോസ്റ്റിനെയും തുടര്‍ന്ന് സമാജ്‌വാദി പാര്‍ട്ടി മഹാ വികാസ് അഘാഡി സഖ്യം വിടാന്‍ തീരുമാനിച്ചു.
ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 32-ാം വാര്‍ഷികത്തില്‍ ശിവസേന നേതാവായ മിലിന്ദ് നര്‍വേകര്‍ പങ്കുവെച്ച സോഷ്യല്‍ മീഡിയാ പോസ്റ്റാണ് സമാജ് വാദി പാര്‍ട്ടിയെ ചൊടിപ്പിച്ചത്. ബാബറി മസ്ജിദിന്റെ ചിത്രവും ശിവസേന സ്ഥാപകനായ ബാല്‍ താക്കറേയുടെ ചിത്രവും ' ഇത് ചെയ്തവരെ കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു' എന്ന അദ്ദേഹത്തിന്റെ വാക്കുകളും അടങ്ങുന്നതാണ് പോസ്റ്റ്. ഉദ്ദവ് താക്കറേയുടേയും ആദിത്യ താക്കറേയുടേയും സ്വന്തം ചിത്രവും മിലിന്ദ് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മഹാരാഷ്ട്ര നിയമസഭയില്‍ രണ്ട് എംഎല്‍എമാരാണ് സമാജ്‌വാദി പാര്‍ട്ടിക്കുള്ളത്. ശനിയാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് എംവിഎ സഖ്യ കക്ഷികള്‍ വിട്ടുനിന്നിരുന്നുവെങ്കിലും ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള സഖ്യത്തിന്റെ തീരുമാനം ലംഘിച്ച് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാരായ അബു അസിം ആസ്മിയും റെയ്‌സ് ഷെയ്ഖും സത്യപ്രതിജ്ഞ ചെയ്തു.
സമാജ്‌വാദി പാര്‍ട്ടിക്ക് ഒരിക്കലും സാമുദായിക പ്രത്യയശാസ്ത്രത്തില്‍ നിലനില്‍ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ മഹാ വികാസ് അഘാടിയില്‍ നിന്ന് ഞങ്ങള്‍ സ്വയം പിന്മാറുകയാണെന്നും ആസ്മി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.