തിരുവനനന്തപുരം: തന്റെ സാഹചര്യം മനസിലാക്കി പ്രതികരിച്ചതിന് കലാകാരന്‍ എന്ന നിലയില്‍ ആസിഫിനോട് വളരെ നന്ദിയുണ്ടെന്ന് സംഗീത സംവിധായകന്‍ രമേഷ് നാരായണന്‍. ഇങ്ങനെ ഒരു സ്വിറ്റുവേഷന്‍ ഉണ്ടായതില്‍ വളരെയധികം വിഷമം തോന്നിയെന്നും അടുത്തുതന്നെ ആസിഫുമായി എറണാകുളത്തുവച്ച് കൂടിക്കാഴ്ച നടത്തുമെന്നും രമേഷ് നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഒരുപാട് നന്ദിയുണ്ട് ആസിഫ് ഭായ്, ഇങ്ങനെ ഒരു സ്വിറ്റുവേഷന്‍ ഉണ്ടായതില്‍ വളരെയധികം വിഷമം തോന്നി. ആസിഫിന് ഇന്നലെ ഞാന്‍ ഒരു മെസേജ് അയച്ചിരുന്നു. ഇന്ന് രാവിലെ ആസിഫ് എന്നെ വിളിച്ചു. കാര്യങ്ങള്‍ സംസാരിച്ചു. അടുത്തുതന്നെ കൂടിക്കാഴ്ച നടത്തും. അങ്ങനെയൊരു സൈബര്‍ ആക്രമണം ഒഴിവാക്കി തന്നാല്‍ വലിയ സന്തോഷം. എന്‍റെ മാനസികാവസ്ഥ മനസിലാക്കിയതില്‍ എനിക്ക് വളരെ നന്ദിയുണ്ട്. ആസിഫിന്‍റെ മഹത്വം ആണ് അത്. ഞാന്‍ പറഞ്ഞല്ലോ, അത് അവിടെവച്ച് സംഭവിച്ചുപോയതാണ്.'- രമേഷ് നാരായണന്‍ പറഞ്ഞു.
ഈ സംഭവുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകളില്‍ നിന്ന് ആരും തന്നെ വിളിച്ചിട്ടില്ല. ഈ വിവാദം മതപരമായിട്ട് കലാശിക്കരുതെന്നും അത് എല്ലാവര്‍ക്കും ബുദ്ധിമുട്ടാകും. നമ്മള്‍ എല്ലാവരും മനുഷ്യരാണെന്നും രമേഷ് നാരായണന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, തനിക്ക് നല്‍കുന്ന പിന്തുണ മറ്റൊരാള്‍ക്കെതിരേയുള്ള വിദ്വേഷപ്രചരണമാകരുതെന്ന് ആസിഫ് അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.'സത്യം പറഞ്ഞാല്‍ എനിക്ക് ഈ വിഷയത്തില്‍ സംസാരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. എന്നെ പിന്തുണയ്ക്കുന്നത് മറ്റൊരാള്‍ക്ക് എതിരായ വിദ്വേഷ പ്രചരണമാകരുത്. അദ്ദേഹം അനുഭവിക്കുന്ന ബുദ്ധിമുട്ട് എനിക്ക് മനസ്സിലാകും അതുകൊണ്ടാണ് പ്രതികരിക്കുന്നത്. നിങ്ങളെല്ലാവരും ഇന്നലെ മുതല്‍ തന്ന പിന്തുണയ്ക്ക് നന്ദി. ഞാന്‍ നിങ്ങളോടെല്ലാവരോടും കടപ്പെട്ടിരിക്കുന്നു. സ്റ്റേജിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുന്ന സമയത്ത് പേര് തെറ്റിവിളിച്ചു. എല്ലാം മനുഷ്യര്‍ക്കും ഉണ്ടാകുന്ന ചെറിയ വിഷമം അദ്ദേഹത്തിന് തോന്നിയിരിക്കാം. ഞാന്‍ മൊമന്റോ കൊടുക്കാന്‍ സമയത്ത് അദ്ദേഹത്തിന്റെ കാലിന് വേദനയുണ്ടായിരുന്നു. അത് വീഡിയോയിലൂടെ വന്നപ്പോള്‍ മറ്റു തരത്തിലായി. എനിക്ക് ഈ സംഭവത്തില്‍ യാതൊരു വിഷമമുണ്ടായിട്ടില്ല. എനിക്ക് നല്ല പനിയായിരുന്നു. അതുകൊണ്ടു തന്നെ ഇന്നലെ വിവാദമായപ്പോള്‍ എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. മതപരമായ തരത്തില്‍ വരെ ഇത് ചര്‍ച്ചയാകുന്ന അവസ്ഥയിലെത്തി. അങ്ങനെയൊന്നും ഇല്ല. ആ നിമിഷത്തിലുണ്ടായ തെറ്റിദ്ധാരണയാണിത്'
'അദ്ദേഹത്താട് ഇന്ന് രാവിലെയാണ് സംസാരിച്ചത്. എന്നോട് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അദ്ദേഹം എന്നോട് മാപ്പ് പറയുന്ന അവസ്ഥയില്‍ കൊണ്ടെത്തിച്ചു. നിങ്ങളുടെ പിന്തുണയില്‍ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. പക്ഷേ അതിനൊപ്പം അദ്ദേഹത്തിനെതിരേ നടക്കുന്ന വിദ്വേഷണ പ്രചരണത്തില്‍ എനിക്ക് വിഷമമുണ്ട്. അദ്ദേഹം ഒരു മനുഷ്യനെയും കുറച്ചുകാണുന്ന ആളല്ല. ഇതിനെ മറ്റൊരു ചര്‍ച്ചയിലേക്ക് കൊണ്ടുപോകരുത്. ഈ വിഷയത്തെ സംബന്ധിച്ചുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണം''- ആസിഫ് അലി പറഞ്ഞു.
സംഭവത്തില്‍ കഴിഞ്ഞ ദിവസം തന്നെ രമേഷ് നാരായണന്‍ പരസ്യമായി മാപ്പപേക്ഷയുമായി രംഗത്ത് വന്നിരുന്നു. ആസിഫ് മൊമന്റോ തരാനാണ് ഓടിവന്നത് തനിക്കറിയില്ലായിരുന്നുവെന്നും സംഭവത്തില്‍ പൊതുസമൂഹത്തോടും ആസിഫിനോടും മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എംടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.