ബൈക്കിലെത്തിയ അക്രമികൾ ഷാളിൽ പിടിച്ചു വലിച്ചതിനെ തുടര്‍ന്ന് റോഡില്‍ വീണ സൈക്കിളിൽ പോയ പെൺകുട്ടി പിറകേ വന്ന മറ്റൊരു ബൈക്കിടിച്ച് മരിച്ചു. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍നഗറിലാണ് സംഭവം. സ്കൂളിൽ നിന്ന് വീട്ടിലേക്കു വരികയായിരുന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം.
ബൈക്കിലെത്തിയ രണ്ട് അക്രമികൾ പെൺകുട്ടിയുടെ ഷാളിൽ പിടിച്ചു വലിക്കുകയായിരുന്നു. സൈക്കിളിന്റെ നിയന്ത്രണംതെറ്റി പെണ്‍കുട്ടി റോഡില്‍ വീഴുകയും പിന്നാലെ എത്തിയ മറ്റൊരു ബൈക്ക് പെണ്‍കുട്ടിയെ ഇടിക്കുകയുമായിരുന്നു. പെൺകുട്ടി സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഷാളിൽ പിടിച്ചു വലിച്ചവരുടെ കൂട്ടാളികളിൽ ഒരാളാണ് ബൈക്കിലെത്തി യുവതിയെ ഇടിച്ചിട്ടതെന്നും പോലീസ് പറഞ്ഞു. ഹൻസ്വാർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹിരാപൂർ മാർക്കറ്റിന് സമീപമാണ് അപകടം നടന്നത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊല്ലപ്പെട്ട പെൺകുട്ടിയുിടെ പിതാവ് ലോക്കൽ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, സംഭവത്തിൽ ഉൾപ്പെട്ട ഷാനവാസ്, അർബാസ്, ഫൈസൽ എന്നീ മൂന്ന് പ്രതികൾക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികളിൽ രണ്ടു പേരുടെ കാലിലേക്ക് പോലീസ് വെടി വെച്ചതായും റിപ്പോർട്ടുണ്ട്.
”വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെ പോലീസ് റൈഫിൾ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസും അറസ്റ്റിലായ മൂന്ന് പ്രതികളും തമ്മിൽ സംഘർഷമുണ്ടായത്. അറസ്റ്റിലായ മൂന്നുപേരിൽ, രണ്ടു പേരുടെ കാലിലാണ് വെടിയേറ്റത്. ഇവരിപ്പോൾ ബാസ്‌ഖാരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സയിലാണ്”, അംബേദ്കർ നഗർ പോലീസ് പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നേരിടാൻ നിയമം ശക്തമാക്കണമെന്ന ആവശ്യമാണ് വീഡിയോക്കു താഴെ പലരും ആവർത്തിച്ചു പറയുന്നത്.