കൊച്ചി: വാഹനങ്ങളിൽ രൂപ മാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടിയ്ക്ക് നിർദ്ദേശം നൽകി ഹൈക്കോടതി. യൂട്യൂബർ സഞ്ജു ടെക്കി കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കിയ കേസ് പരിഗണിക്കുന്നതിനിടെ ആയിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. വാഹനങ്ങളിൽ രൂപമാറ്റം വരുത്തി ഈ വീഡിയോ പങ്കുവയ്ക്കുന്ന വ്‌ളോഗർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നും കോടതി നിർദ്ദേശിച്ചു.വാഹനങ്ങളിൽ അനധികൃതമായി അലങ്കാരങ്ങൾ സ്ഥാപിക്കരുത്. അങ്ങിനെ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കണം. രൂപ മാറ്റം വരുത്തിയ വാഹനങ്ങളുടെ ദൃശ്യങ്ങൾ ശേഖരിക്കണം. ഇതിനായി എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. വാഹനവും നിയമലംഘനത്തിന്റെ ദൃശ്യങ്ങളും മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കണം. നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു.
അതേസമയം സഞ്ജു ടെക്കിയ്‌ക്കെതിരെ പോലീസും നടപടി സ്വീകരിക്കും. അലക്ഷ്യമായി വാഹനം ഓടിച്ചതിന് ആർടിഒ പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് കേസ് എടുക്കുക.