രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് പ്രധാമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. അധികാര കൈമാറ്റത്തിന്റെ പ്രതീകമെന്ന് ബിജെപി വിശേഷിക്കുന്ന ചെങ്കോല്‍ ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് താഴെ സ്ഥാപിച്ചു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം വികസന യാത്രയിലെ ചരിത്ര മുഹൂര്‍ത്തമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത് . ഇന്നത്തെ ദിവസം ചരിത്രത്തില്‍ രേഖപ്പെടുത്തും. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് പുതിയ മന്ദിരമെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം ലക്ഷ്യത്തിലെത്തിയതിന്റെ അടയാളമാണ് മന്ദിരം. ലോകം ബഹുമാനത്തോടെ ഇന്ത്യയെ ഉറ്റുനോക്കുന്നു. രാജ്യം മുന്നോട്ട് പോയാല്‍ ലോകവും പുരോഗമിക്കുമെന്നും മോദി പറഞ്ഞു.
വിമർശനവുമായി കോൺഗ്രസ്
അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നു. ഇന്ന് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. സ്വയം പ്രകീര്‍ത്തിക്കുന്ന സ്വേച്ഛാധിപതി പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തെന്ന പരിഹാസവുമായി ജയറാം രമേശും രംഗത്തെത്തി
വിവാദ ട്വീറ്റുമായി ആർ ജെ ഡി
പുതിയ പാര്‍ലമെന്റ് മന്ദിരത്തെ അപമാനിക്കുന്ന രീതിയില്‍ രാഷ്ട്രീയ ജനതാദള്‍ പാര്‍ട്ട ട്വീറ്റ് ചെയ്തത് വിവാദമായി. പുതിയ മന്ദിരത്തിന്റെ രൂപത്തെ ശവപ്പെട്ടിയോട് താരതമ്യം ചെയ്തുകൊണ്ടാണ് ആര്‍ജെഡിയുടെ ഔദ്യോഗ്ക ട്വിറ്റർ ഹാൻഡിലിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് അടക്കമുള്ള 20-ഓളം പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് ആര്‍ജെഡിയുടെ വിവാദ ട്വീറ്റ്. കുഴിച്ചുമൂടപ്പെടുന്ന ജനാധിപത്യത്തിന്റെ പ്രതീകമാണ് ശവപ്പെട്ടിയെന്നാണ് ആര്‍ജെഡി നേതാക്കളുടെ പ്രതീകം. അതേസമയം വിഷയത്തില്‍ കേസെടുക്കണം എന്നാണ് ബിജെപിയുടെ ആവശ്യം. ആര്‍ജെഡിയുടേത് അപകീര്‍ത്തികരമായ നടപടിയാണെന്നും ഇതിനെതിരെ കേസെടുക്കണമെന്നും ബിജെപി നേതാവ് സുശീല്‍ മോദി ആവശ്യപ്പെട്ടു.