Share this Article
ശബരിമല നട തുറന്നു; തീര്‍ഥാടക പ്രവാഹം;മണ്ഡലകാലത്തിന് തുടക്കം
വെബ് ടീം
posted on 16-11-2023
1 min read
SABARIMALA

ശബരിമല: മണ്ഡലപൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിയിച്ചത്. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും നടകള്‍ തുറന്ന് വിളക്കുകള്‍ തെളിയിച്ചു. 

ശരണം വിളികളുമായി കൈകൂപ്പി നിന്ന അയ്യപ്പഭക്തര്‍ക്ക് ക്ഷേത്രതന്ത്രി മഹേശ്വര് മോഹനര് പ്രസാദം വിതരണം ചെയ്തു. പിന്നീട്, ശബരിമല മേല്‍ശാന്തി, ശ്രീകോവിലില്‍നിന്നുള്ള ദീപവുമായി താഴെ തിരുമുറ്റത്തെത്തി ആഴി ജ്വലിപ്പിക്കും. നിയുക്ത ശബരിമല മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി, നിയുക്ത മാളികപ്പുറം മേല്‍ശാന്തി പിജി മുരളി നമ്പൂതിരി എന്നിവരെ സന്നിധാനത്തേക്ക് ആനയിക്കും. ഇതിനുശേഷം ഭക്തരെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കും. ദീപാരാധനയ്ക്കുശേഷം പുതിയ മേല്‍ശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും.

വൃശ്ചികം ഒന്നായ 17ന് പുലര്‍ച്ചെ നാലിന് പുതിയ മേല്‍ശാന്തിമാര്‍ നട തുറക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ നാലിന് തുറക്കുന്ന നട, ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. വൈകീട്ട് നാലിന് വീണ്ടും തുറന്നശേഷം രാത്രി 11ന് അടയ്ക്കും.

മറ്റൊരു മണ്ഡലകാലത്തിനു കൂടി തുടക്കമാകുന്നതോടെ ജില്ലയില്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ കുമളിയില്‍ നിന്ന് കെഎസ്ആര്‍ടിസി ഇന്നലെ പമ്പയിലേക്ക് 6 സര്‍വീസുകള്‍ നടത്തി. ഇന്നു മുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കു നിയുക്തരായ പൊലീസ് സംഘം ഡ്യൂട്ടിയില്‍ ഉണ്ടാകും. പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതരും തങ്ങള്‍ക്കു നിശ്ചയിക്കപ്പെട്ടിരിക്കുന്ന ജോലികള്‍ ക്രമീകരിക്കുന്ന തിരക്കിലാണ്.

തീര്‍ഥാടകര്‍ക്കായി 12 ബസുകളാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി സ്‌പെഷല്‍ സര്‍വീസിനായി പൂള്‍ ചെയ്തിരിക്കുന്നത്. നിലവിലുള്ള സാധാരണ സര്‍വീസുകളെ ബാധിക്കാത്ത വിധത്തില്‍ സ്‌പെഷല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള ബസുകള്‍ മറ്റു ഡിപ്പോകളില്‍ നിന്നാണ് എത്തിച്ചിരിക്കുന്നത്. 232 രൂപയാണു കുമളിയില്‍ നിന്നു പമ്പയ്ക്ക് ഇത്തവണ ചാര്‍ജ് ഈടാക്കുന്നത്. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഇവിടെ പ്രത്യേക ഫോണ്‍ കണക്ഷന്‍ ഇന്നു ലഭിക്കുമെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.

പൊലീസ് 6 സെക്ടറുകളിലായി കുമളി മുതല്‍ പെരുവന്താനം വരെ 273 പേരെയാണു സ്‌പെഷല്‍ ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നത്. സംഘത്തില്‍ 5 സിഐമാരും 61 എസ്‌ഐമാരും ഉണ്ടാകും. ഇന്നു മുതല്‍ ഡിസംബര്‍ 30 വരെയാണ് ഇവരുടെ നിയമനം. മകരവിളക്കിനു കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും.കുമളി സര്‍ക്കാര്‍ ആശുപത്രിയില്‍ നിലവിലുള്ളതുപോലെ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ഒപി ഉണ്ടാകും.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories