അമേരിക്കന്‍ സര്‍വകലാശാലകളില്‍ പലസ്തീന്‍ അനുകൂല സമരത്തെ തുടര്‍ന്ന് സംഘര്‍ഷം. 24 മണിക്കൂറിനിടെ 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
അമേരിക്കന്‍ ക്യാമ്പസുകളില്‍ പലസ്തീന്‍ അനുകൂല പ്രക്ഷോഭം തുടരുന്നു.പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള പൊലീസ് നീക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കൊളം ബിയ സര്‍വകലാശാല സെമസ്റ്റര്‍ പരീക്ഷകള്‍ റിമോര്‍ട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി.
ന്യൂയോര്‍ക്കിലെ ഫോര്‍ഡം സര്‍വകലാശാലയില്‍ പ്രക്ഷോഭകര്‍ തമ്പടിച്ചിരിക്കുകയാണ്. കൊളംബിയ സര്‍വകലാശാലയിലെ ഹാമില്‍ട്ടണ്‍ ഹാള്‍ ഗാസയിലെ ഇരകളുടെ ബഹുമാനാര്‍ത്ഥം ഹിന്ദ്‌സ് ഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു.
ഫെബ്രുവരിയില്‍ വടക്കന്‍ ഗാസയില്‍ മരിച്ച ആറുവയസുകാരി ഹിന്ദ് റജബിന്റെ സ്മരണയ്ക്കായാണ് വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തിന് 'ഹിന്ദ്‌സ് ഹാള്‍' എന്ന് പുനര്‍നാമകരണം ചെയ്തത്. ഗാസയിലെ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് കൊളംബിയ സര്‍വകലാശാലയുടെ ഹാമില്‍ട്ടണ്‍ ഹാള്‍ പിടിച്ചെടുത്തത്.
യുസിഎല്‍എ, വിസ്‌കോണ്‍സിന്‍ എന്നീ സര്‍വകലാശാലകളില്‍ പൊലീസുമായി സമരക്കാര്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. അതേസമയം ലോസ് ഏഞ്ചല്‍സിലെ യുസിഎല്‍എ കാമ്പസിലെ പലസ്തീന്‍ ഐക്യദാര്‍ഢ്യ ക്യാമ്പിന് നേരെ ഇസ്രായേല്‍ അനുകൂല എതിര്‍പ്രക്ഷോഭകര്‍ ആക്രമണം നടത്തി.
ഇതിനിടെ, ജൂതമത വിശ്വാസികള്‍ക്കെതിരെ വംശീയ അധിക്ഷേപം ചെറുക്കാനുള്ള നിയമം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 91നെതിരെ 320 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭ ആന്റിസെമിറ്റിസം ബോധവത്കരണ ബില്‍ പാസാക്കിയത്.