സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ടുമരണം. കോഴിക്കോടും മലപ്പുറത്തുമായി സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു. സംസ്ഥാനത്ത് ഉഷ്ണ തരംഗസാധ്യത തുടരുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. സൂര്യാഘാതമേറ്റ് കോഴിക്കോടും മലപ്പുറത്തും രണ്ടുപേരാണ് മരിച്ചത്. സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ഹനീഫ, കോഴിക്കോട് സ്വദേശി വിജേഷ് എന്നിവരാണ് മരിച്ചത്. മലപ്പുറം താമരക്കുഴിയില്‍ ജോലിക്കിടെ ഹനീഫ കുഴഞ്ഞുവീഴുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായ വിജേഷിനും ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.
അതേസമയം നാളെ വരെ സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത തുടരുന്നതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ നാളെ വരെ ജില്ലയില്‍ മുന്നറിയിപ്പ് തുടരും.
40 ഡിഗ്രി സെല്‍ഷ്യസ് ചൂട് ആണ് നിലവില്‍ രേഖപ്പെടുത്തിയത്. പാലക്കാടിന് പുറമെ തൃശൂര്‍, കൊല്ലം ജില്ലകളിലും തീവ്രമായ ചൂട് തുടരും. ഈ ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.