തൃശൂർ: ചെടി നനയ്ക്കുമ്പോൾ വെള്ളം തെറിച്ചതിന് അയൽവാസിയെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ തൃശ്ശൂര്‍ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. പനമുക്ക് താണിപ്പാടം കാരയിൽ വീട്ടിൽ കുട്ടൻ ആണ് പിടിയിലായത്.ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് ആണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 ന് ഉച്ചതിരിഞ്ഞ് നാലോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കുട്ടനും പനമുക്ക് താഴത്ത് വീട്ടിൽ ബോസും അയൽവാസികളാണ്. ബോസിന്റെ മതിലിനോട് ചേർന്നുള്ള ചെടികൾക്ക് പൈപ്പ് ഉപയോഗിച്ച് വെള്ളം നനക്കുമ്പോൾ മുന്നിലുള്ള വഴിയിലൂടെ നടന്നു പോവുകയായിരുന്ന പ്രതിയുടെ ദേഹത്ത് വെള്ളത്തുള്ളികൾ തെറിച്ചു. ഇതില്‍ പ്രകോപിതനായ പ്രതി വീട്ടിൽ പോയി ഇരുമ്പുവടി എടുത്തുകൊണ്ടുവന്ന് വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്ന ബോസിന്റെ നെറുകയിൽ അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റി കുഴഞ്ഞു വീണ ബോസിനെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോസിന്റെ മൊഴി പ്രകാരം കൊലപാതകശ്രമത്തിന് കേസെടുത്തശേഷം നെടുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി.ദിലീപ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതി നേരത്തേയും രണ്ട് തവണ പരിക്കുപറ്റിയ ബോസിനേയും ഭാര്യയേയും ആയുധം ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്. മേൽക്കേസുകൾ കോടതിയിൽ വിചാരണയിലിരിക്കെയാണ് പുതിയ ആക്രമണം ഉണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.