മസാല ബോണ്ട് ഇടപാടിലെ ഇ.ഡിയുടെ സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഉപഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കിഫ്ബിയുടെ ഹർജിക്കൊപ്പമാണ് ഐസക്കിന്റെ ഹർജിയും സിംഗിൾ ബഞ്ച് പരിഗണിക്കുന്നത്. ഐസക്കിനെ ചോദ്യം ചെയ്തേ മതിയാകൂവെന്നാണ് ഇ.ഡിയുടെ നിലപാട്.മസാല ബോണ്ട് കേസിലെ ഇ.ഡിയുടെ സമൻസ് ചോദ്യം ചെയ്ത് കിഫ്ബിയും തോമസ് ഐസക്കും നൽകിയ ഹർജികൾ വിശദമായി വാദം കേൾക്കാനായാണ് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റിയത്.
പുതിയ സമൻസിൽ തോമസ് ഐസക്കിനെതിരെ കടുത്ത നടപടികൾ പാടില്ലെന്നു നേരത്തെ ഹൈക്കോടതി വ്യക്തമാക്കുകയും തൽസ്ഥിതി തുടരാൻ നിർദേശം നൽകിക്കൊണ്ട് ഇടക്കാല ഉത്തരവിറക്കുകയും ചെയ്തിരുന്നു. മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമ ലംഘനങ്ങൾ തോമസ് ഐസക്കിന് അറിവുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായും
കിഫ്ബിയുടെ രേഖാമൂലമുള്ള മറുപടി ഇക്കാര്യം ശരിവയ്ക്കുന്നുവെന്നും നേരത്തെയുള്ള ഹർജിയിൽ ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. കൂടാതെ മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കിൽ ഐസക്കിന്റെ മൊഴിയെടുക്കൽ അനിവാര്യമാണെന്നായിരുന്നു ഇഡിയുടെ നിലപാട്.