ചാത്തങ്കരി:സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടു കൊണ്ട് വലിയ ദുരിതമാണ് അനുഭവിക്കേണ്ടി വന്നത്. വെള്ളക്കെട്ട് കാരണം ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയും ഉണ്ടായി. അച്ചാമ്മയ്ക്ക് സംഭവിച്ചതും ഇതു പോലെ ഒന്നാണ്. വെള്ളിയാഴ്ച അർധരാത്രിയാണ് ആലപ്പുഴ ചാത്തങ്കരി സ്വദേശിയായ 73 കാരി അച്ചാമ്മ ജോസഫിന് നെഞ്ചുവേദനയുണ്ടാകുന്നത്. വെള്ളക്കെട്ട് കാരണം വീട്ടിലെ സ്വന്തം വാഹനത്തിൽ ആശുപത്രിയിലേക്ക് പോകാനായില്ല. ഭർത്താവ് മാധവൻ പൊലീസിൽ അടക്കം സഹായം തേടിയെങ്കിലും വെള്ളക്കെട്ട് കാരണം പൊലീസിനും അച്ചാമ്മയുടെ അടുത്തേക്ക് എത്താനായില്ല.
ഒടുവിൽ രണ്ടേകാൽ മണിക്കൂറിന് ശേഷം നാട്ടുകാർ മുൻകൈ എടുത്ത് ജെസിബിയിൽ അച്ചാമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ജെസിബിയുടെ ബക്കറ്റില്‍ കിടത്തിയാണ് അച്ചാമ്മയെ വെള്ളക്കെട്ടിന് പുറത്തെത്തിച്ചത്.