ഒഡീഷയില്‍ മോഹന്‍ ചരണ്‍ മാചി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. രണ്ട് ഉപ മുഖ്യന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള കേന്ദ്ര നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.
മുതിര്‍ന്ന നേതാവ് ധര്‍മേന്ദ്ര പ്രധാന്റെയടക്കം നിരവധി പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും സത്യപ്രതിജ്ഞയ്ക്ക് നിമിഷങ്ങള്‍ ബാക്കിനില്‍ക്കെയാണ് സസ്‌പെന്‍സ് പൊളിച്ച് മോഹന്‍ ചരണ്‍ മാചിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമായിരിക്കും മാജി സത്യപ്രതിജ്ഞക്കെത്തുക.
അദ്ദേഹത്തോടൊപ്പം കെവി സിംഗ് ദിയോയും പ്രഭാതി പരിദയും ഉപ മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഭുവനേശ്വറിലെ ജനതാ മൈതാനിയില്‍ വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാര്‍, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും. 30000 ആളുകള്‍ക്ക് പങ്കെടുക്കാവുന്ന വിപുലമായ പരിപാടികളാണ് ബിജെപി ഒരുക്കിയിരിക്കുന്നത്. സത്യപ്രതിജ്ഞയുടെ ഭാഗമായി സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.
ആര്‍ക്കും തകര്‍ക്കാനാകാത്ത ബിജു ജനാതാദള്ളിന്റെ അധികാര കോട്ട. അതായിരുന്നു 2024 ജൂണ്‍ നാല് വരെ ഒഡീഷ. 147ല്‍ 78 സീറ്റ് നേടി ബിജെപി ഒഡീഷാ മണ്ണില്‍ കാവിക്കൊടി നാട്ടിയതോടെ, തോല്‍വി അറിയാത്ത നവീന്‍ പട്‌നായിക്കിന്റെ 24 വര്‍ഷത്തെ രാഷ്ട്രീയ തേരോട്ടം അസ്തമിച്ചു.