ചിന്നക്കനാലില്‍ നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ കുമളിക്ക് സമീപമെത്തിയതായി റിപ്പോര്‍ട്ട്. ആകാശദൂരം അനുസരിച്ച് കുമളിയില്‍ നിന്ന് ആറുകിലോമീറ്റര്‍ അകലെ വരെയാണ് എത്തിയത്. പിന്നീട് മേദകാനം ഭാഗത്തേയ്ക്ക് തന്നെ മടങ്ങി. കൊമ്പനെ വനംവകുപ്പ് നിരീക്ഷിച്ച് വരികയാണ്.ജിപിഎസ് കോളറില്‍ നിന്നുള്ള വിവരം വച്ച് ഇന്നലെയാണ് അരിക്കൊമ്പന്‍ കുമിളിക്കു സമീപം എത്തിയതെന്ന് വനംവകുപ്പ് അറിയിച്ചു. ആകാശദൂരം അനുസരിച്ച് കുമളിയില്‍ നിന്ന് ആറുകിലോമീറ്റര്‍ അകലെ വരെ എത്തിയ അരിക്കൊമ്പന്‍, ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട മേദകാനം ഭാഗത്തേയ്ക്ക് തന്നെ മടങ്ങി. ആനയുടെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറില്‍ നിന്നുള്ള വിവരങ്ങള്‍ വനംവകുപ്പ് നിരീക്ഷിച്ച് വരികയാണ്. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.
അരിക്കൊമ്പന്‍ കുമളിക്കടുത്ത് എത്തിയെന്ന് പറയുമ്പോഴും, പഴയ തട്ടകമായ ചിന്നക്കനാലിലേക്ക് എത്തുക അത്ര എളുപ്പമല്ലെന്നും വനംവകുപ്പ് ചൂണ്ടിക്കാട്ടി. ആറുദിവസം മുന്‍പാണ് ആന തമിഴ്നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. അരിക്കൊമ്പനെ തുറന്നുവിട്ട പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് തമിഴ്നാട്ടിലെ മേഘമല വരെ പോയ ശേഷമായിരുന്നു കാട്ടാനയുടെ മടക്കം.