കോഴിക്കോട് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കുറ്റ്യാടി സ്വദേശിനിയുടെ സുഹൃത്ത് അറസ്റ്റിൽ. മാവൂർ പാറമ്മൽ സ്വദേശി പാലശ്ശേരി മുഹമ്മദ് അമലിനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് എസിപി കെ സുദർശനൻ അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണത്തിൽ ലഹരി മാഫിയയിലേക്ക് വിരൽചൂണ്ടുന്നതിനെക്കുറിച്ച് കേരളവിഷൻ ന്യൂസ് പുറത്തുവിട്ട ശബ്ദരേഖ നിർണ്ണായകമായി. ലഹരി ഉപയോഗിക്കാറുണ്ടെന്ന് പ്രതി സമ്മതിച്ചതായി എ.സി.പി കെ.സുദർശനൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈ 13 നാണ് കുറ്റ്യാടി സ്വദേശിനിയായ 22 കാരിയെ ആൺസുഹൃത്തിനൊപ്പം താമസിക്കുന്ന വാടകവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്റെ നിർദ്ദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളേജ് എസിപി കെ സുദർശനൻ നടത്തിയ അന്വേഷണത്തെ തുടർന്നാണ് യുവതിയുടെ സുഹൃത്ത് മുഹമ്മദ് അമലിനെ അറസ്റ്റ് ചെയ്തത്. യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതിന് പിന്നിൽ ലഹരി ഉപയോഗിക്കുന്ന ആൺ സുഹൃത്തിന് പങ്കുണ്ടെന്ന ശബ്ദരേഖ കേരള വിഷൻ ന്യൂസ് പുറത്തുവിട്ടിരുന്നു. ഈ ശബ്ദരേഖ കേസിൽ നിർണായകമായി.
ശബ്ദരേഖ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പെൺകുട്ടിയുടെ സുഹൃത്തായ അമലിലേക്ക് എത്തിയത്. കുറേനാളുകളായി വാടകവീട്ടിൽ ഒരുമിച്ച് കഴിഞ്ഞിരുന്ന വിവാഹ വാഗ്ദാനത്തിൽ നിന്നും ഒഴിഞ്ഞുമാറിയത് യുവതിയെ മാനസികമായി തകർത്തിരുന്നു. ലഹരി ഉപയോഗിക്കാറുള്ള അമൽ യുവതിയെയും അത് ഉപയോഗിക്കാൻ പ്രേരിപ്പിച്ചിരുന്നു. യുവതിയുടെ മരണം നടന്ന ദിവസം പ്രതിയുമായി വാക്ക് തർക്കവും പിടിവലിയും നടന്നതായും എസിപി കെ സുദർശനൻ മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസിന് ലഭിച്ചിട്ടുള്ള ശബ്ദരേഖകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. യുവതി ജോലി ചെയ്തിരുന്ന ഹൈലൈറ്റ് മാളിന്റെ പാർക്കിംഗ് ഏരിയ കേന്ദ്രീകരിച്ച് ലഹരി വില്പന നടക്കുന്നതായി പ്രതി വ്യക്തമാക്കിയിട്ടുണ്ടെന്ന് എ.സി.പി പറഞ്ഞു. അതേക്കുറിച്ചും അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.ബലാത്സംഗം, ആത്മഹത്യാപ്രേരണ കുറ്റം, പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവതിയുടെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം തുടരാനാണ് പൊലീസിന്റെ തീരുമാനം.