എറണാകുളം: മൂവാറ്റുപുഴ നഗരസഭയുടെ വൃദ്ധസദനത്തില്‍ 14 ദിവസത്തിനിടെ അഞ്ച് സ്ത്രീകള്‍ അജ്ഞാത രോഗലക്ഷണങ്ങളോടെ മരിച്ചു. ശനിയാഴ്ച ഒരേ മുറിയിലെ രണ്ടുപേര്‍ ഒരുമിച്ച് മരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മരിച്ചവരുടെ വലതു കാല്‍ പൊട്ടിയൊഴുകി തൊലി അഴുകിപ്പോയി. ഇതോടെ അന്തേവാസികള്‍ക്ക് ഗുരുതരമായ അണുബാധയോ രോഗബാധയോ ഉണ്ടായിട്ടുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
പെരുമ്പാവൂര്‍ ഐരാപുരം മഠത്തില്‍ വീട്ടില്‍ കമലം (72), പിറവം മാമലശ്ശേരി ചിറതടത്തില്‍ ഏലിയാമ്മ സ്‌കറിയ (70) എന്നിവരാണ് ശനിയാഴ്ച മരിച്ചത്. ഇവരുടെ വലതു കാലുകള്‍ മരണശേഷം മിനിറ്റുകള്‍ക്കകം വീര്‍ത്ത് കറുത്ത് പൊട്ടി അഴുകി തൊലി ഉരിഞ്ഞുപോയി. കഴിഞ്ഞ വ്യാഴാഴ്ച മൂവാറ്റുപുഴ നെഹ്‌റുപാര്‍ക്ക് കൊച്ചങ്ങാടി പുത്തന്‍പുര വീട്ടില്‍ ആമിന പരീതിനും (86) കാലില്‍ മുറിവും നീര്‍വീക്കവും തൊലിക്ക് കേടുപാടും വന്നുവെന്ന് വൃദ്ധസദനം നടത്തുന്ന സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധി ബിനീഷ് കുമാര്‍ പറഞ്ഞു.
ജൂലൈ 19-ന് പെരുമ്പാവുര്‍ മുടിക്കല്‍ ശാസ്താംപറമ്പില്‍ ലക്ഷ്മി കുട്ടപ്പന്‍ (78), 15ന് തിരുമാറാടി ഓലിപ്പുറം കുറുമ്പേല്‍ ഏലിയാമ്മ ജോര്‍ജ് (76) എന്നിവര്‍ മരിച്ചിരുന്നു. ഇവര്‍ക്കും കാലില്‍ മുറിവുകളും സമാനമായ ലക്ഷണങ്ങളും കാണിച്ചിരുന്നു.ശനിയാഴ്ച മരിച്ച രണ്ടുപേരും കെട്ടിടത്തിന്റെ ഏറ്റവും പിന്നിലെ മുറികളിലൊന്നിലാണ് കിടന്നിരുന്നത്.