വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കം തുടങ്ങി കോൺഗ്രസ്. യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി വൈകാതെ മണ്ഡലത്തിലെത്തും. ഇതിൻ്റെ ഭാഗമായുള്ള പാർലമെൻ്റ് മണ്ഡലം തല നേതൃയോഗം കോഴിക്കോട് മുക്കത്ത് നടന്നു. എഐസിസിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നും റായ്ബറേലിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാഹുൽഗാന്ധി ചട്ടപ്രകാരം വയനാട് ഒഴിഞ്ഞതോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരുന്നു. രാഹുൽ ഗാന്ധി വയനാട് ഒഴിയുമ്പോൾ തന്നെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ പ്രഖ്യാപിക്കുകയും ചെയ്തു.
ഉപതെരഞ്ഞെടുപ്പിന് ഇനിയും നാളുകൾ ബാക്കിനിൽക്കെയാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് മുന്നൊരുക്കം തുടങ്ങിയത്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ പാർട്ടി നേതാക്കന്മാരുടെ യോഗമാണ് മുക്കത്ത് സംഘടിപ്പിച്ചത്.
രാഹുൽ ഗാന്ധിക്ക് നൽകിയതിനെക്കാൾ മികച്ച ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധിയെ വിജയിപ്പിക്കണമെന്ന് നേതൃസംഗമം ഉദ്ഘാടനം ചെയ്ത എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് കെ. പ്രവീൺകുമാർ, മലപ്പുറം ഡിസിസി പ്രസിഡണ്ട് വി.എസ്.ജോയ്, എ.പി.അനിൽകുമാർ എംഎൽഎ തുടങ്ങിയവരും തിരുവമ്പാടി, വണ്ടൂർ, നിലമ്പൂർ, ഏറനാട് നിയോജകമണ്ഡലങ്ങളിലെ കോൺഗ്രസിന്റെ ബ്ലോക്ക് മണ്ഡലം ഭാരവാഹികളും ആണ് നേതൃസംഗമത്തിൽ പങ്കെടുത്തത്.