എസ്എസ്എല്‍സി ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്നരക്കാണ് പി ആര്‍ ചേംബറില്‍ ഫലപ്രഖ്യാപനം നടക്കുക. നേരത്തെ തീരുമാനിച്ചതിലും ഒരു ദിവസം മുന്‍പേയാണ് ഫല പ്രഖ്യാപനം. പരീക്ഷ ബോര്‍ഡ് ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കിയതോടെയാണ് എസ്എസ്എല്‍സി ഫലപ്രഖ്യാപനം നടക്കുന്നത്. ഈ മാസം ഇരുപതിന് എസ് എസ് എല് സി ഫലം പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരമെങ്കിലും തീരുമാനം മാറ്റുകയായിരുന്നു. ഫലപ്രഖ്യാപനത്തിന്റെ വിവരം ഇന്നലെയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കിലൂടെ അറിയിചത്. ഇത്തവണ 4,19,362 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. പ്രൈവറ്റായി 192 പേരും പരീക്ഷയെഴുതിയിരുന്നു. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. 2960 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നിരുന്നത്.
കഴിഞ്ഞ പ്രാവശ്യം 99.26 ശതമാനമായിരുന്നു വിജയം. കോവിഡ് കാലമായിരുന്നതിനാല്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ വര്‍ഷം ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇക്കുറി ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഇക്കുറി വിജയ ശതമാനത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്. ടിഎച്ച്എസ്എല്‍സി, ഹീയറിംഗ് ഇംപേഡ് പരീക്ഷകളുടെ ഫലപ്രഖ്യാപനവും എസ്എസ്എല്‍സി പരീക്ഷാ ഫലത്തോടൊപ്പമുണ്ടാകും. ഹയര്‍ സെക്കന്ററി ഫലം ഈ മാസം 25നും പ്രഖ്യാപിക്കും.