ന്യൂഡല്‍ഹി: പോകുന്ന പോക്കിൽ ഷോർട്സും റീൽസും എടുക്കുന്ന യുവതീയുവാക്കളുടെ കാലമാണിത്. മരണവീടെന്നോ നിരോധിത മേഖലയെന്നോ സാഹചര്യമെന്തെന്നോ അപകടമുണ്ടാകുമോ എന്നൊന്നും പലർക്കും വിചാരമേയില്ല. ഇത്തരത്തിൽ ജീവന്‍ അപകടപ്പെടുത്തി ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിക്കുന്ന വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പുനെ സ്വാമിനാരായണ ക്ഷേത്രത്തിന് സമീപം നിര്‍മാണം പൂര്‍ത്തിയാകാത്ത പഴയൊരു കെട്ടിടത്തിന്റെ ടെറസില്‍ കയറിയായിരുന്നു സാഹസിക റീല്‍സ് ചിത്രീകരണം.
ടെറസില്‍ നിന്ന് യുവാവിന്റെ ഒറ്റകൈയില്‍ തൂങ്ങി താഴേക്ക് കിടന്നാണ് യുവതി റീല്‍സ് ചിത്രീകരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിഡിയോ ചിത്രീകരിച്ചത്. ഒരു സുരക്ഷാ സംവിധാനവും ഉപയോഗിക്കാതെയായിരുന്നു റീല്‍സ് ചിത്രീകരിച്ചതെന്ന് വിഡിയോയില്‍ വ്യക്തമാണ്.
കെട്ടിടത്തിന് താഴെ തിരക്കുള്ള റോഡിലൂടെ വാഹനങ്ങള്‍ പോകുന്നത് കാണാം. വിഡിയോ വൈറലായതോടെ യുവതിക്കും യുവാവിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.