Share this Article
തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
Udayanidhi Stalin

തമിഴ്‌നാട്ടില്‍ ഇന്ന് മന്ത്രിസഭ പുനസംഘടന നടക്കും. ഡിഎംകെ എംഎല്‍എയും നടനുമായ ഉദയനിധി സ്റ്റാലിന്‍ ഇന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

വി.സെന്‍തില്‍ ബാലാജി അടക്കം 4 പേര്‍ മന്ത്രിമാര്‍ ആയി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചകഴിഞ്ഞ് 3:30ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി സത്യവാചകം ചൊല്ലികൊടുക്കും. 

46ാം വയസിലാണ് തമിഴ്‌നാട് സര്‍ക്കാരില്‍ രണ്ടാം സ്ഥാനക്കാരനായി ഉദയനിധി സ്റ്റാലിന്‍ എത്തുന്നത്. 2021 മെയിലാണ് ഉദയനിധി സ്റ്റാലിന്‍ ആദ്യമായി എംഎല്‍എ ആയത്. തുടര്‍ന്ന് 2022 ഡിസംബറില്‍ സ്റ്റാലിന്‍ മന്ത്രിസഭയിലെത്തി.

മൂന്ന് മന്ത്രിമാരെ ഒഴിവാക്കിയാണ് സ്റ്റാലിന്‍, മകന്‍ ഉദയനിധിയെ ഉപമുഖ്യമന്ത്രി ആയി ഉയര്‍ത്തിയത്. കായിക -യുവജനക്ഷേമ മന്ത്രി ആയിരുന്ന ഉദയനിധിക്ക്, ആസൂത്രണം, വികസനം വകുപ്പുകളും കൂടി നല്‍കിയിട്ടുണ്ട്.

നേരത്തെ ഉദയനിധിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് സമയമായില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സെന്തില്‍ ബാലാജിയുടെ മോചനം സ്ഥിരീകരിച്ചതോടെയാണ് നിലപാട് മാറ്റിയത്.

ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കള്ളപ്പണ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ സെന്‍ന്തില്‍ ബാലാജിയെ വീണ്ടും മന്ത്രിയാക്കി. ഇതോടെ ബാലാജി അടക്കം 4 പുതിയ മന്ത്രിമാരാണ് മന്ത്രിസഭയിലെത്തുന്നത്.

ഇ.ഡി കേസില്‍ കസ്റ്റഡിയിലായി 15 മാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് ഡി.എം.കെ എം.എല്‍.എയും തമിഴ്നാട് മുന്‍ മന്ത്രിയുമായ വി. സെന്തില്‍ ബാലാജിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

2011-2015 കാലയളവില്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരിക്കെ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്നാണ് ആരോപണം. 2023 ജൂണിലാണ് സെന്തിലിനെ അറസ്റ്റ് ചെയ്തത്.

ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടിയെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്രാലിന്‍ സ്വാഗതം ചെയ്തിരുന്നു. സെന്തില്‍ ബാലാജിക്കൊപ്പം ഗോവി ചെഴിയാന്‍, ആര്‍.രാജേന്ദ്രന്‍, എസ്.എം.നാസര്‍ എന്നിവരും മന്ത്രിസഭയില്‍ ഇടംപിടിച്ചു. അതിനിടെ, കെ പൊന്‍മുടിയെ ഉന്നത വിദ്യാഭ്യാസത്തില്‍ നിന്ന് മാറ്റി. രാജകണ്ണപ്പനെ ക്ഷീര വികസനത്തിലേക്ക് മാറ്റി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories